Flash News

എംഫില്‍ പ്രവേശനത്തില്‍ സംവരണ അട്ടിമറി

കോട്ടയം: എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് എംഫില്‍ പ്രവേശനത്തില്‍ സംവരണതത്ത്വം അട്ടിമറിച്ചു. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് അ ര്‍ഹമായ സംവരണാനുകൂല്യം നിഷേധിക്കപ്പെട്ടത്. പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന് 7.5 ശതമാനവും പ്രവേശനത്തില്‍ സംവരണം നല്‍കണമെന്നാണു നിയമം. എന്നാല്‍, ഇരുവിഭാഗത്തിലെയും ഒരു വിദ്യാര്‍ഥിക്കുപോലും എംഫില്‍ പ്രവേശനം നല്‍കാന്‍ സര്‍വകലാശാല തയ്യാറായില്ലെന്നാണു രേഖകള്‍ വ്യക്തമാക്കുന്നത്.
ദലിത് വിദ്യാര്‍ഥികളുടെ സംവരണം അട്ടിമറിച്ചതിനെതിരേ സര്‍വകലാശാലയ്ക്കു പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ഈ വര്‍ഷം എംഫില്‍ ചെയ്യാന്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ റാങ്ക്‌ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധപ്പെടുത്തിയത്.
എന്നാല്‍, ഈ ലിസ്റ്റില്‍ എസ്‌സി-എസ്ടി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളെ പൂര്‍ണമായും ഒഴിവാക്കി. വെയ്റ്റിങ്് ലിസ്റ്റില്‍ യോഗ്യതയുള്ള നാല് എസ്‌സി വിദ്യാര്‍ഥികളും ഒരു എസ്ടി വിദ്യാര്‍ഥിയുമുള്ളപ്പോഴാണ് ഈ അവഗണന.
എംഫില്‍ പ്രവേശനം സംബന്ധിച്ച് എംജി സര്‍വകലാശാലാ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലടക്കം കൃത്യമായി സംവരണം പാലിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിദ്യാര്‍ഥികള്‍ 400 രൂപ ഫീസടച്ച് പരീക്ഷയും ഇന്റര്‍വ്യൂവും പൂര്‍ത്തിയാക്കി പ്രവേശനം കാത്തുനിന്നത്. എന്നാല്‍, റാങ്ക്‌ലിസ്റ്റ് വന്നപ്പോള്‍ നിയമങ്ങളൊക്കെ കാറ്റില്‍പ്പറത്തി ജനറല്‍ വിഭാഗത്തിനു കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയായിരുന്നു.
അതേസമയം, റോസ്റ്റര്‍ സംവിധാനം അനുസരിച്ചാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയതെന്ന സര്‍വകലാശാലയുടെ വിശദീകരണം അടിസ്ഥാനമില്ലാത്തതെന്നാണു വിലയിരുത്തല്‍. നിയമനത്തിലെ സംവരണക്രമം പാലിക്കുന്നതിനു വേണ്ടിയാണ് റോസ്റ്റര്‍ രജിസ്റ്റര്‍ ബാധകമാക്കുന്നത്. പക്ഷേ, സര്‍വകലാശാല കോഴ്‌സുകളിലെ പ്രവേശനത്തിന് റോസ്റ്റര്‍ രജിസ്റ്റര്‍ ബാധകമാവില്ല. മറ്റു പിന്നാക്ക സമുദായങ്ങളിലെ സംവരണ റൊട്ടേഷന്‍ ടേണുകള്‍ വിവിധ വര്‍ഷങ്ങളില്‍ നിജപ്പെടുത്താനായാണ് റോസ്റ്റര്‍ രജിസ്റ്റര്‍ സംവിധാനം ബാധകമാക്കുന്നത്. നിയമനത്തിനു പകരം കോഴ്‌സുകളിലെ പ്രവേശനത്തില്‍ റോസ്റ്റര്‍ രജിസ്റ്റര്‍ ഏര്‍പ്പെടുത്തുന്നത് എസ്‌സി-എസ്ടി വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
റോസ്റ്റര്‍ സംവിധാനമനുസരിച്ചാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയതെന്ന് സര്‍വകലാശാല വാദിക്കുമ്പോള്‍ തന്നെ, എംഫില്‍ പ്രവേശനത്തിന് റോസ്റ്റര്‍ രജിസ്റ്റര്‍ ബാധകമാണെന്ന ഉത്തരവൊന്നും നിലവിലില്ലെന്ന്് അവര്‍ തന്നെ ശരിവയ്ക്കുന്നു. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംവരണ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനു മറിച്ചുനല്‍കിയതെന്ന ചോദ്യത്തിനു സര്‍വകലാശാലയ്ക്കു വ്യക്തമായ മറുപടിയില്ല.
നിലവിലെ റോസ്റ്റര്‍ പ്രകാരം യോഗ്യരായവരില്ലെങ്കില്‍ സംവരണ സീറ്റുകള്‍ ജനറല്‍ സീറ്റാക്കാമെന്നാണ് സര്‍വകലാശാലയുടെ മറ്റൊരു വാദം. എന്നാല്‍, മതിയായ യോഗ്യതയുള്ള ദലിത് വിദ്യാര്‍ഥികളെ പ്രവേശനം നല്‍കാതെ പുറത്താക്കിയതിനു പിന്നിലുള്ള താല്‍പര്യമാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it