kannur local

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തി; അനധികൃത നിയമനങ്ങള്‍ തകൃതി

ഇരിക്കൂര്‍: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തികളാക്കിയ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ദിവസ വേതനടിസ്ഥാനത്തിലും കരാറടിസ്ഥാനത്തിലും അനധികൃത നിയമനങ്ങള്‍ തകൃതി. ആയിരക്കണക്കിന് അഭ്യസ്ത വിദ്യരായ യുവാക്കള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പുതുക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം നിയമനങ്ങള്‍ വ്യാപകമായിട്ടുള്ളത്. വകുപ്പ് മേധാവികളുടെ ഒത്താശയോടെയാണ് അനധികൃത നിയമനങ്ങള്‍ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. നിലവിലുള്ള നിയമപ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലുണ്ടാവുന്ന ഒഴിവുകള്‍ പിഎസ്്‌സിയെയോ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മേധാവിയെയോ അറിയക്കണം. എന്നാല്‍ ഇക്കാര്യം ചെയ്യാതെ സ്ഥാപന മേധാവികള്‍ നിയമനങ്ങള്‍ നടത്തുന്നതായാണു പരാതിയുയര്‍ന്നിട്ടുള്ളത്. ഇത് 1954ലെ സിഎല്‍വി(കമ്പല്‍സറി നോട്ടിഫിക്കേഷന്‍ ഒാഫ് വേക്കന്‍സീസ്) ആക്ടിന്റെ ലംഘനം കൂടിയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ഒരു താല്‍ക്കാലിക നിയമനം പോലും ലഭിക്കാത്തവര്‍ ഏറെയാണ്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രകാരം നല്‍കിയ പരാതിയില്‍ ലഭിച്ച മറുപടിയിലാണ് അനധികൃത നിയമനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അനധികൃത നിയമനം നല്‍കിയവരെ ഉടന്‍ പിരിച്ച് വിട്ട് എല്ലാ ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നികത്തണമെന്നാവശ്യപ്പെട്ട് സ്ഥാപന മേധാവികള്‍ക്ക് എംപ്ലോയ്‌മെന്റ് ഓഫിസര്‍മാര്‍ നല്‍കിയ കത്തുകളും വെളിച്ചം കാണാതെ കിടക്കുകയാണ്.  സര്‍ക്കാര്‍ ആശുപത്രികള്‍, പൊതുമരാമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ്, ആരോഗ്യ വകുപ്പ്, പോലിസ് സ്‌റ്റേഷനുകള്‍, രജിസ്‌ട്രേഷന്‍, ജല അതോറിറ്റി തുടങ്ങി ഒട്ടുമിക്ക വകുപ്പുകളിലും അനധികൃതനിയമനം വഴി ജോലി നേടിയവരുണ്ടെന്നാണു അന്വേഷണത്തില്‍ വ്യക്തമാവുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പോലും ഇത്തരത്തില്‍ നിയമിച്ചതായും കണക്കുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമനം നടത്തുമ്പോള്‍ കാലതാമസം നേരിടുന്നതിനാലാണ് ഇങ്ങനെ ചെയ്തു വരുന്നതെന്നാണ് അധികൃതരുടെ മറുപടി. എംപ്ലോയ്‌മെന്റ് ഓഫിസിനെ അറിയിച്ച് നിയമനം നടത്തുന്നതിനിടയിലുള്ള കാലതാമസം ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ നേരിട്ട് നിയമനം നടത്താന്‍ പാടുള്ളൂവെന്നാണ് നിയമം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നു ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതോടെ താല്‍ക്കാലിക നിയമനം നല്‍കിയവരെ പിരിച്ചു വിടണമെന്ന ചട്ടവും ലംഘിക്കുകയാണ്.
Next Story

RELATED STORIES

Share it