kozhikode local

എംപി കാര്യങ്ങള്‍ നേരിട്ടുവന്ന് പഠിക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവ്‌

പൊന്നാനി: ജില്ലയില്‍ ദേശീയപാത സര്‍വേക്കെതിരേ സമരം ചെയ്യുന്ന പ്രദേശവാസികളെ തീവ്രവാദികളെന്നു വിളിച്ച് ആക്ഷേപിച്ച എ വിജയരാഘവന്‍ എംപിക്കെതിരേ വീണ്ടും പ്രാദേശിക സിപിഎം നേതാക്കള്‍. സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കിയ എംപിയുടെ പരാമര്‍ശത്തോട് പുച്ഛമാണ് തോന്നുന്നതെന്ന് സിപിഎം തിരൂരങ്ങാടി എആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ വലിയപറമ്പ് ബ്രാഞ്ച് പ്രസിഡന്റുമായ നസീര്‍ വ്യക്തമാക്കി.
ഞങ്ങളുള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരും കൂടിയാണ് ഇവിടെ സമരം ചെയ്യുന്നത്. എന്റെ ജ്യേഷ്ടനും വാര്‍ഡ് മെംബറും എആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി മെംബറുമായ ഷമീറാണ് സമരത്തിന്റെ മുന്നിലുള്ളത്. കഴിഞ്ഞദിവസം നടന്ന സമരത്തിനിടെ ഷമീറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ജ്യേഷ്ടന്‍ മുനീറും പാര്‍ട്ടി പ്രാദേശിക നേതാവാണ്. ഞങ്ങള്‍ സിപിഎം കുടുംബമാണ്. 15ഓളം പ്രാദേശിക സിപിഎം പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തിരുന്നു. ഇങ്ങനെ സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ള സമരക്കാരെയാണ് വിജയരാഘവന്‍ എംപി തീവ്രവാദിയെന്നു വിളിച്ചത്.
ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുംമുമ്പ് അദ്ദേഹം നേരിട്ടുവന്ന് ഇവിടുത്തെ സാഹചര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണമെന്നും നസീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടി മെംബര്‍ എന്ന നിലയില്‍ വിജയരാഘവന്‍ നടത്തിയ ആ പ്രസ്താവനയില്‍ അതിയായ ദുഃഖവും പ്രതിഷേധവുമുണ്ട്. പ്രാദേശിക കമ്മിറ്റിയുടെ പ്രതിഷേധം ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു. ബ്രാഞ്ചുകളുടെ പ്രാദേശിക പിന്തുണ പൂര്‍ണമായും ഉണ്ടായിരുന്നതിനാലാണ് സമരത്തിനിറങ്ങിയത്. ദേശീയപാതയ്ക്ക് നേരത്തെ തന്നെ സ്ഥലം ഏറ്റെടുത്തിട്ടിരുന്നിട്ടും ഇപ്പോള്‍ വീണ്ടും സ്ഥലം അളക്കുന്നതിലെ അപാകത സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സര്‍വേയില്‍ പഞ്ചായത്തിന് വീഴ്ചയുണ്ട്.
വാര്‍ഡ് മെംബറായ ഷമീറിനെ പോലും ഇക്കാര്യം പഞ്ചായത്ത് അറിയിച്ചിരുന്നില്ല. 2013ലെ അലൈന്‍മെന്റ് പ്രകാരം 52 മീറ്ററിലധികം സ്ഥലം ദേശീയപാതയ്ക്കായി അളന്ന് തിട്ടപ്പെടുത്തിയിട്ടിട്ടുണ്ട്. ഇത് പൂര്‍ണമായും വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിനു ശേഷം മാത്രം വ്യക്തികളുടെ സ്ഥലത്തേക്കു നീങ്ങുക. രണ്ടോ മൂന്നോ അടി അധികം വേണമെങ്കില്‍ അത് വിട്ടുകൊടുക്കാന്‍ ആളുകള്‍ തയ്യാറാണ്. അതുപോലെതന്നെ പള്ളികളും അമ്പലങ്ങളും ആവശ്യമെങ്കില്‍ കുറച്ച് ഭൂമി വിട്ടുകൊടുക്കും. മുമ്പത്തെ അലൈന്‍മെന്റ് പ്രകാരം ആളുകള്‍ സ്ഥലം വിട്ടുനല്‍കി വീട് മാറ്റിസ്ഥാപിച്ചതാണ്. ഇത് പരിഗണിക്കാതെയാണ് ഇപ്പോള്‍ വീണ്ടും സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയിരിക്കുന്നത്. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരേ പ്രാദേശിക സിപിഎം ഘടകത്തില്‍ വലിയ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്.  മുക്കത്ത് ജനവാസകേന്ദ്രങ്ങളിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ ഇടുന്നതിനെതിരേ സമരം ചെയ്തവരേയും വിജയരാഘവന്‍ തീവ്രവാദികളെന്നു വിളിച്ചിരുന്നു.
Next Story

RELATED STORIES

Share it