എംപിമാരും എംഎല്‍എമാരും പ്രതികളായ കേസ്: പ്രത്യേക കോടതി പ്രവര്‍ത്തനം ഇന്നു തുടങ്ങും

കൊച്ചി: എംപിമാരും എംഎല്‍എമാരും പ്രതികളായ കേസുകളുടെ വിചാരണയ്—ക്കായുള്ള പ്രത്യേക കോടതിയുടെ പ്രവര്‍ത്തനം ഇന്ന് കൊച്ചിയില്‍ തുടങ്ങും. ഇത്തരം ക്രിമിനല്‍ക്കേസ് കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക കോടതികള്‍ വേണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കൊച്ചിയില്‍ പ്രത്യേക കോടതി തുടങ്ങുന്നത്.
ജനപ്രതിനിധികള്‍ പ്രതിയായതും സെഷന്‍സ് കോടതിയുടെ പരിധിയില്‍ വരാത്തതുമായ കേസുകളാണ് കോടതി പരിഗണിക്കുക. അഡീഷനല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഗണത്തിലാണ് കോടതിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പീഡനം, കൊലപാതകം തുടങ്ങിയ കേസുകള്‍ പരിഗണിക്കാനുള്ള അധികാരം സെഷന്‍സ് കോടതിക്കാണ്. ഇവയൊഴികെ അന്യായമായി സംഘംചേരല്‍, പൊതുമുതല്‍ നശീകരണം, അനധികൃതമായി തടവിലാക്കല്‍, വിശ്വാസവഞ്ചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളുടെ വിചാരണ പ്രത്യേക കോടതിക്കായിരിക്കും. വിജിലന്‍സ് കേസുകളും പ്രത്യേക കോടതിയുടെ പരിഗണനയില്‍ വരില്ല.
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട, പ്രത്യേക കോടതിക്ക് പരിഗണിക്കാന്‍ കഴിയുന്ന 178 കേസുകള്‍ നിലവിലുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ നിലവിലുള്ള ഈ കേസുകള്‍ പ്രത്യേക കോടതിയാവും പരിഗണിക്കുക. എറണാകുളം ജില്ലാ കോടതി സമുച്ചയത്തില്‍ ഇന്നു രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍ കോടതിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it