എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന്; യോഗം പോലിസ് സുരക്ഷയില്‍

കോട്ടയം: പോലിസ് സുരക്ഷയില്‍ ഇന്ന് എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം നടക്കും. മെയ് 25ന് ചേരാന്‍ തീരുമാനിച്ച സിന്‍ഡിക്കേറ്റ് യോഗം എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് പുതിയ ഭരണം വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ യോഗം പാടില്ലെന്നായിരുന്നു ഇടതു ജീവനക്കാരുടെ ആവശ്യം. ഇതേ തുടര്‍ന്നു പ്രതിഷേധം ശക്തമായപ്പോള്‍ യോഗം മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ സിന്‍ഡിക്കേറ്റ് അംഗങ്ങളായ സണ്ണി കെ ജോര്‍ജ്, സി എച്ച് അബ്ദുല്‍ ലത്തീഫ് എന്നിവര്‍ യോഗത്തിനു പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സര്‍വകലാശാല ചട്ടമനുസരിച്ച് അംഗങ്ങള്‍ക്കു നാലു വര്‍ഷം തുടരാമെന്നിരിക്കെ, തങ്ങളെ തടയുന്നതു നിയമവിരുദ്ധമാണെന്നും യോഗം നടത്താന്‍ രജിസ്ട്രാര്‍ പോലിസ് സംരക്ഷണം തേടിയെങ്കിലും നടപടിയുണ്ടായില്ലെന്നും കാണിച്ചാണ് ഹരജി നല്‍കിയത്.
തുടര്‍ന്നാണ് അംഗങ്ങള്‍ക്കു യോഗങ്ങളില്‍ പങ്കെടുക്കാന്‍ സംരക്ഷണം നല്‍കണമെന്നു കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കിയത്. മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് യോഗമെന്നതിനാല്‍ വിവിധ കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും അനുവാദം നല്‍കുന്നതടക്കം നിരവധി അജണ്ടകളാണ് യോഗത്തിന്റെ പരിഗണനയ്‌ക്കെത്തുന്നത്.
അതേസമയം, സര്‍ക്കാരിന്റെ ഇടപെടലുണ്ടാവുന്നതിനു മുമ്പായി പുതിയ കോഴ്‌സുകളും കോളജുകളും അനുവദിക്കാന്‍ ലക്ഷ്യമിട്ടാണു യോഗം ചേരുന്നതെന്ന് ഇടതുപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് മുന്‍കൂട്ടി അജണ്ട നല്‍കിയില്ലെന്ന ആക്ഷേപവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it