എംജി സര്‍വകലാശാല ബജറ്റിന് അംഗീകാരം

കോട്ടയം: എംജി സര്‍വകലാശാലയ്ക്ക് 2018-19 സാമ്പത്തികവര്‍ഷം 512.33 കോടി രൂപ വരവും 569.54 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കി. 57.21 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന കമ്മി. സംസ്ഥാന സര്‍ക്കാരില്‍നിന്ന് പദ്ധതിയേതര ഗ്രാന്റായി 195 കോടിയും പദ്ധതി ഗ്രാന്റായി 32.94 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ 240 കോടി രൂപയാണ് ചെലവുവരിക. 75 കോടി രൂപയാണ് സര്‍വകലാശാലയുടെ തനതുവരുമാനം. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥി സൗഹൃദ ബജറ്റാണ് സര്‍വകലാശാല അവതരിപ്പിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി ശാസ്ത്രപഠന വകുപ്പിന് കീഴില്‍ പ്രകൃതിദുരന്ത നിവാരണത്തിനായി പ്രത്യേക പഠനകേന്ദ്രം സ്ഥാപിക്കുമെന്നതാണ് ബജറ്റിലെ പ്രധാന നിര്‍ദേശം. ഇതിനായി 25 ലക്ഷം രൂപയാണ് വകയിരുത്തിയത്.ഓഖി പോലെയുള്ള പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു കേന്ദ്രം ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ഒന്നാംസെമസ്റ്റര്‍ മുതല്‍ എംജി പരീക്ഷയ്ക്ക് ചോദ്യബാങ്ക് തയ്യാറാക്കും. അതില്‍ നിന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യങ്ങളുണ്ടാക്കുന്നത്. എംജി സര്‍വകലാശാല സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള സമ്പ്രദായം കേരളത്തില്‍ ആദ്യമായാണ് നടപ്പാക്കുന്നത്. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല നേരിട്ടുനല്‍കുന്ന ഷെല്ലോഷിപ്പിന്റെ എണ്ണം 50ല്‍നിന്ന് 100 ആയി വര്‍ധിപ്പിക്കും. പ്രതിമാസ ഫെല്ലോഷിപ്പ് തുക 9,000 രൂപയില്‍നിന്ന് 12,000 രൂപയായി വര്‍ധിപ്പിക്കുന്നതിന് ബജറ്റില്‍ 3.5 കോടി രൂപയും വകയിരുത്തി. സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സേവനങ്ങള്‍ക്ക് ഏകജാലകസംവിധാനം, ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, പരാതി പരിഹാരത്തിന് സ്ഥിരം സംവിധാനം, അക്കാദമിക ഗവേഷണമികവിനുള്ള പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തും. സര്‍വകലാശാല സംബന്ധമായി വിദ്യാര്‍ഥികളും ഗവേഷകരും അറിഞ്ഞിരിക്കേണ്ട വിവരങ്ങളടങ്ങിയ സമഗ്ര കൈപ്പുസ്തകം തയ്യാറാക്കും. വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് അവസരമൊരുക്കാന്‍ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ സംഘടിപ്പിക്കും. ബിരുദാനന്തര ബിരുദ തലത്തില്‍ കരിക്കുലം പരിഷ്‌കരിക്കും. അക്കാദമിക ഗവേഷണം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി കിഫ്ബിയുടെ സഹായത്തോടെ 160 കോടിയുടെ പദ്ധതികള്‍ക്കാണ് രൂപംനല്‍കിയയത്. സിന്‍ഡിക്കേറ്റിന്റെ സാമ്പത്തികകാര്യ സമിതി കണ്‍വീനര്‍ ഡോ. കെ ഷറഫുദ്ദീനാണ് ബജറ്റ് അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it