എംജി വിസിയുടെ നിയമനം റദ്ദാക്കി

കൊച്ചി: എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. മതിയായ യോഗ്യതയില്ലെന്നും നിയമന പ്രക്രിയയില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിസിയുടെ നിയമനം റദ്ദാക്കി ഉത്തരവിട്ടത്. എറണാകുളം കുറുമശ്ശേരി സ്വദേശി പ്രേംകുമാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
2010ലെ യുജിസി റഗുലേഷന്‍ പ്രകാരം വൈസ് ചാന്‍സലറായി പരിഗണിക്കാന്‍ വേണ്ട യോഗ്യതകള്‍ ബാബു സെബാസ്റ്റിയന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. സര്‍വകലാശാലയിലോ ഏതെങ്കിലും ഗവേഷക, അക്കാദമിക് സ്ഥാപനത്തിലോ പ്രഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയമോ തത്തുല്യ യോഗ്യതയോ ആണ് സര്‍വകലാശാലാ വിസി നിയമനത്തിനു വേണ്ടത്. ബാബു സെബാസ്റ്റിയന് ഈ യോഗ്യതയില്ലെന്നും  പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ മറ്റു രണ്ടുപേരെ തഴഞ്ഞാണ് നിയമനം നടത്തിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിസി നിയമനത്തിന് യോഗ്യരായവരെ കണ്ടെത്താന്‍ രൂപവല്‍ക്കരിക്കുന്ന സെലക്ഷന്‍ സമിതിയില്‍ ബന്ധപ്പെട്ട സര്‍വകലാശാലയുമായോ അതിന് കീഴിലെ അഫിലിയേറ്റഡ് കോളജുകളുമായോ ബന്ധമില്ലാത്ത ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനായിരിക്കണമെന്നാണ് യുജിസി ചട്ടം. ഈ ചട്ടവും പാലിച്ചിട്ടില്ലെന്ന് ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.
ഏതെങ്കിലും സര്‍വകലാശാലയില്‍ ഒരു ദിവസം പോലും അധ്യാപകനായിട്ടില്ലാത്ത ബാബു സെബാസ്റ്റിയന്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷനല്‍ ടെക്‌നോളജിയില്‍ (എസ്‌ഐഇടി) പത്തു വര്‍ഷത്തിലേറെ ഡയറക്ടറായിരുന്നത് കണക്കിലെടുത്താണ് വിസി നിയമനം നല്‍കിയത്. എന്നാല്‍, ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ഈ സ്ഥാപനത്തിലെ പ്രവൃത്തിപരിചയം വിസി നിയമന യോഗ്യതയായി കണക്കാക്കാനാവില്ലെന്നുള്ള ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.
ഈ സാഹചര്യത്തില്‍ മൂന്നര വര്‍ഷത്തോളം  പദവിയിലിരുന്നെങ്കിലും ഇനി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കോടതി നിയമനം റദ്ദാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it