Kottayam Local

എംജി വിദ്യാര്‍ഥി അദാലത്ത്: 1600 അപേക്ഷകള്‍ തീര്‍പ്പാക്കി

കോട്ടയം: എംജി  സര്‍വകലാശാല വിദ്യാര്‍ഥികളുടെ പരാതി പരിഹാരത്തിനായി നടത്തിയ അദാലത്തില്‍ 1600 അപേക്ഷകള്‍ തീര്‍പ്പാക്കി. പൊതുസ്വഭാവമുള്ള അപേക്ഷകളും പരാതികളും തീര്‍പ്പാക്കുന്നതിനായി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി കണ്‍വീനര്‍മാര്‍ അടങ്ങുന്ന നിര്‍വഹണ സമിതിയും ഡീന്‍സ് കമ്മിറ്റിയും ചേര്‍ന്ന് നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഇതനുസരിച്ച് സര്‍വകലാശാലയിലെ അവസാന ബിടെക് ബാച്ചിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ടോണേഷന്‍ ആനുകൂല്യം നല്‍കി നോഷനല്‍ രജിസ്‌ട്രേഷന്‍ അനുവദിച്ചുകൊണ്ട് എട്ടാം സെമസ്റ്ററിലേക്ക് പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനിച്ചു. ബിടെക് എട്ടാം സെമസ്റ്ററില്‍ ഏതെങ്കിലും വിഷയത്തിന് പരാജയപ്പെടുന്ന വിദ്യാര്‍ഥികള്‍ എട്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മുഴുവനായും വീണ്ടുമെഴുതണമെന്ന വ്യവസ്ഥ ഇളവുചെയ്ത് പരാജയപ്പെടുന്ന വിഷയത്തിന് മാത്രം വീണ്ടും എഴുതിയാല്‍ മതിയാകും എന്ന് തീരുമാനിച്ചു. തിയറിയും പ്രാക്ടിക്കലും പ്രോജക്ടും വര്‍ക്ക്‌ഷോപ്പും ഉള്‍പ്പെടെയുള്ള എല്ലാ ബിടെക് വിഷയങ്ങള്‍ക്കും ഇന്റേണല്‍ റീഡു അനുവദിക്കും. എല്ലാ ബിരുദബിരുദാനന്തര പരീക്ഷകള്‍ക്കും ഒരു തവണ കൂടി മേഴ്‌സി ചാന്‍സ് പരീക്ഷ നടത്തുന്നതിനും അദാലത്തില്‍ തീരുമാനമായി. വിവിധ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയം, മാര്‍ക്ക്‌ലിസ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ വിതരണത്തിലുള്ള കാലതാമസം, ഗ്രേസ്മാര്‍ക്ക് സംബന്ധിച്ച പരാതികള്‍ തുടങ്ങിയവയ്ക്കും അദാലത്തില്‍ ഉടനടി പരിഹാരമായി. ഇന്ന് ലഭിച്ച നൂറോളം പുതിയ പരാതികളും ഇതില്‍ ഉള്‍പ്പെടും. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്, അക്കാദമിക സമിതികള്‍, വൈസ് ചാന്‍സലര്‍ തുടങ്ങി മുഴുവന്‍ സര്‍വകലാശാലാ ഉദേ്യാഗസ്ഥവൃന്ദവും ഒറ്റ മേശയ്ക്ക് ചുറ്റുമിരുന്നപ്പോള്‍ വര്‍ഷങ്ങളായി തീരുമാനമാകാതിരുന്ന നിരവധി വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ക്കാണ് നിമിഷങ്ങള്‍കൊണ്ട് തീര്‍പ്പായത്. രാവിലെ 10ന് സര്‍വകലാശാലാ അസംബ്ലിഹാളില്‍ ആരംഭിച്ച അദാലത്ത്, മുഴുവന്‍ അപേക്ഷകളിലും നടപടിയെടുത്ത് വൈകീട്ട് അഞ്ചിന് അവസാനിച്ചു.
Next Story

RELATED STORIES

Share it