എംജി നോളജ് നെറ്റ്‌വര്‍ക്കിന് സര്‍ക്കാര്‍ പിന്തുണ

കോട്ടയം: എംജി സര്‍വകലാശാലയുടെ കീഴിലുള്ള 295 കോളജുകളെ ബന്ധപ്പെടുത്തി വിജ്ഞാനശൃംഖല (നോളജ് നെറ്റ് വര്‍ക്ക് ) സ്ഥാപിക്കുന്നതിന് സര്‍ക്കാരിന്റെ പിന്തുണ. മുഖ്യമന്ത്രിയുടെ ചേംബറില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത മന്ത്രിതല യോഗത്തിലാണ് തീരുമാനം. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥാപനങ്ങളിലേക്ക് കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റിലൂടെ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ വലിച്ചാണ് നോളജ് ശൃംഖല സ്ഥാപിക്കുക. 10 എംബിപിഎസ് ശേഷിയുള്ള ഇന്റര്‍നെറ്റ് സംവിധാനമാണ് ലഭ്യമാക്കുക. ഇന്ത്യയിലാദ്യമായിട്ടാണ് ഒരു അഫിലിയേറ്റഡ് സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളെ ഈ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നത്. സര്‍വകലാശാല മെയിന്‍ ലൈബ്രറിയിലെ 16 കോടി രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ പഠനശേഖരം മൂന്നരലക്ഷം വിദ്യാര്‍ഥികള്‍ക്കെത്തിക്കുകയാണ് ലക്ഷ്യം. വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവയും ലഭ്യമാക്കും. പദ്ധതിക്ക് കെഎസ്ഇബിയും ബിഎസ്എന്‍എല്ലും സഹകരണം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്, വൈദ്യുതിവകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍, വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ എന്‍ ജി നിര്‍മല്‍, പിആര്‍ഒ ജി ശ്രീകുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it