malappuram local

എംജിഎസിന്റെ റഫറന്‍സ് ഗ്രന്ഥശേഖരം കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന്‌

തേഞ്ഞിപ്പലം: കാലിക്കറ്റ്  സര്‍വകലാശാലാ ചരിത്ര വിഭാഗം ലൈബ്രററിയിലേക്ക് പ്രൊഫ. എം ജി എസ് നാരായണന്‍ തന്റെ കൈവശമുള്ള അമൂല്യ ഗ്രന്ഥങ്ങളും ചരിത്ര രേഖകളും കൈമാറി. 1963ല്‍ കോഴിക്കോട് സാമൂതിരി കോളജില്‍ ആരംഭിച്ച് 1968ല്‍ സര്‍വകലാശാലാ പഠന വിഭാഗമായി മാറിയ ചരിത്ര വിഭാഗത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച ആളാണ് എം ജി എസ്. ഇദ്ദേഹം സമാഹരിച്ച വില പിടിച്ച റഫറന്‍സ് പുസ്തകങ്ങളും ചരിത്ര രേഖകളും ഗവേഷകര്‍ക്ക് ഉപയോഗിക്കുന്നതിന് സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന് നല്‍കുകയായിരുന്നു.
പുരാതന ഇന്ത്യാ ചരിത്രം, ലിപി പഠനം, പുരാവസ്തു പഠനം, കേരള ചരിത്ര പഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇക്കൂട്ടത്തിലുള്ളത്. പഠന വകുപ്പിലെ മുന്‍കാല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോഗ്രാഫുകളുടെ പകര്‍പ്പുകളും പഠന വകുപ്പില്‍ നിന്നെത്തിയ സംഘം ശേഖരിച്ചിട്ടുണ്ട്.
സര്‍വ്വകലാശാലാ ചരിത്ര വിഭാഗം ലൈബ്രറിയില്‍ എം ജി എസ് കളക്ഷന്‍’ എന്ന പേരില്‍ ഗവേഷകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധം ഈ ഗ്രന്ഥശേഖരം സൂക്ഷിക്കുവാനാണ് പഠന വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. സമാഹാരം ഏറ്റുവാങ്ങുന്നതിന് പഠന വകുപ്പിലെ ഗവേഷക സംഘം എം ജി എസിന്റെ വീട്ടിലെത്തിയിരുന്നു.
സമാഹാരം സര്‍വ്വകലാശാലക്കു വേണ്ടി ചരിത്ര വകുപ്പ് മേധാവി ഡോ.  പി ശിവദാസന്‍. എം ജി എസില്‍ നിന്ന് ഏറ്റുവാങ്ങി. പഠന വകുപ്പിലെ മുന്‍ പ്രൊഫസര്‍ ഡോ. കെ ഗോപാലന്‍കുട്ടി, എം ജി എസിന്റെ പത്‌നി  പ്രേമലത, ഗവേഷകരായ രാഹുല്‍ രമേഷ്, കെ പി ഹസ്‌നത്ത്, കെ വിനോദ്.  എന്നിവരും സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it