malappuram local

എംഎസ്ഡിപി പദ്ധതി ടെന്‍ഡറില്ലാതെ നല്‍കുന്നത് ദുരുദ്ദേശ്യപരമെന്ന് പ്രതിപക്ഷം



പൊന്നാനി: മത്സര ടെണ്ടറില്ലാതെ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കുന്ന സമീപനം നഗരസഭ ഭരണസമിതി ആവര്‍ത്തിക്കുന്നത് ധിക്കാരപരവും ദുരുദ്ദേശപരവുമാണെന്ന് പ്രതിപക്ഷ നേതാവ് എം പി നിസാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗപ്പെടുത്തി നടത്തുന്ന എംഎസ്ഡിപി പദ്ധതി പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 8 കോടി രൂപയാണ് അനുമതി ലഭിച്ചിരുന്നത്. ഈ പദ്ധതിയാണ് യാതൊരു ടെണ്ടര്‍ നടപടിയുമില്ലാതെ തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി കൊണ്ടുവന്നത്.ഇതിന് മുമ്പ് കനോലി കനാല്‍ തീരത്ത് ക്ലീന്‍ കനോലി പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ സ്ഥാപിച്ച ടാങ്കുകള്‍ യാതൊരു ടെണ്ടര്‍ നടപടിയുമില്ലാതെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാം ബയോളജിക്കല്‍ എന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നത്. ഒട്ടും നിലവാരമില്ലാത്ത ടാങ്കുകള്‍ സ്ഥാപിച്ചതുവഴി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ഡിഎംആര്‍സി നേതൃത്വം നല്‍കുന്ന പദ്ധതിയുടെ പേരിലും ടെണ്ടറില്ലാതെ കരാര്‍ നല്‍കാന്‍ തിരക്കിട്ട നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമാണ് അടിയന്തിര കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് ഈ അജണ്ട ചര്‍ച്ചക്ക് കൊണ്ടുവന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.പ്രമുഖരായ നിരവധി സര്‍ക്കാര്‍ ഏജന്‍സികളും ജില്ലാ കലക്ടര്‍ ചെയര്‍മാനായ നിര്‍മ്മിതി പോലുള്ള നിര്‍മ്മാണ സംവിധാനവും ഉണ്ടായിരിക്കെ ഇതെല്ലാം അവഗണിച്ച് മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it