എംഎല്‍എ ഹോസ്റ്റലില്‍ വിഎസിന്റെ ഓഫിസ് തുറന്നു; പദവിയുടെ കാര്യം പിന്നീട് അറിയിക്കും

തിരുവനന്തപുരം: പദവി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ വി എസ് അച്യുതാനന്ദന്റെ ഓഫിസ് എംഎല്‍എ ഹോസ്റ്റലില്‍ തുറന്നു. എല്ലാ എംഎല്‍എമാര്‍ക്കുമുള്ള ഓഫിസും സംവിധാനങ്ങളുമാണ് വിഎസിനും ലഭിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിഎസിന്റെ എംഎല്‍എ ഹോസ്റ്റലിലെ ഓഫിസ് ആരംഭിച്ചത്. തന്റെ പദവിയുടെ കാര്യം പിന്നീട് അറിയിക്കാമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മന്ത്രിമാര്‍ തന്നെ മറുപടി പറയട്ടെയെന്നും വിഎസ് പറഞ്ഞു. ദേശീയപാത 45 മീറ്ററാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം മൗനംപാലിച്ചു.
മലമ്പുഴ എംഎല്‍എയായ വി എസ് അച്യുതാനന്ദന് എംഎല്‍എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലാണ് പുതിയ ഫഌറ്റ് അനുവദിച്ചിരിക്കുന്നത്. ജനങ്ങ ള്‍ക്ക് നേരില്‍ക്കാണാനുള്ള സൗകര്യവും ഇവിടെയുണ്ടാവും. 2001 മുതല്‍ 15 വര്‍ഷം മാറിമാറി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്ന വിഎസ് ഇത്തവണ സ്ഥാനമാനങ്ങള്‍ ഇല്ലാതായതോടെയാണ് എംഎല്‍എ ഹോസ്റ്റലില്‍ ഫഌറ്റിന് അപേക്ഷിച്ചത്. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുവദിക്കുന്ന നെയ്യാര്‍ ബ്ലോക്കിലെ 1ഡി ഫഌറ്റാണ് വിഎസിന് അനുവദിച്ചിരിക്കുന്നത്. സിപിഐ നേതാവ് സി ദിവാകരനാണ് തൊട്ടടുത്ത ഓഫിസിലുള്ളത്.
നേരത്തെ പുതിയ മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോ ണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് എകെജി സെന്ററിനു സമീപത്തെ വാടകവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
പുതിയ പദവി സംബന്ധിച്ച് തീരുമാനമാവാത്തതിനെ തുടര്‍ന്ന് ഇന്നലെ എംഎല്‍എ ഹോസ്റ്റലില്‍ ഓഫിസ് തുറക്കുകയായിരുന്നു. മകന്‍ വി എ അരുണ്‍കുമാര്‍, മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു എംഎല്‍എ ഹോസ്റ്റലിലെ ഫഌറ്റിലേക്കുള്ള വിഎസിന്റെ ആദ്യവരവ്.
Next Story

RELATED STORIES

Share it