എംഎല്‍എ മര്‍ദിച്ച കേസ്: കോടതിയുടെ ഇടപെടല്‍ നിര്‍ണായകമാവും

കൊല്ലം: ഗണേഷ്‌കുമാര്‍ എംഎല്‍എ മര്‍ദിച്ചെന്ന കേസില്‍ ഒത്തുതീര്‍പ്പ് ധാരണയുടെ അടിസ്ഥാനത്തില്‍  ഇരുകൂട്ടരും പരാതി പിന്‍വലിച്ചെങ്കിലും ഇനി നിര്‍ണായകമാവുന്നത് കോടതിയുടെ ഇടപെടല്‍. ഈ മാസം 13നാണ് അഞ്ചല്‍ ശബരിഗിരി സ്‌കൂളിനു സമീപം ഇടുങ്ങിയ വഴിയില്‍ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ഗണേഷ്‌കുമാര്‍ അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിക്കുകയും മാതാവ് ഷീനയോട് മോശമായി പെരുമാറുകയും ചെയ്തതായി പരാതി ഉണ്ടായത്.
മകനെ മര്‍ദിച്ചെന്നും തന്നെ അപമാനിച്ചതായും കാണിച്ച് ആദ്യം ഷീനയും പിന്നീട് എംഎല്‍എയെ മര്‍ദിച്ചെന്നു കാണിച്ച് ഡ്രൈവര്‍ പ്രദീപും എംഎല്‍എക്കു വേണ്ടി അഞ്ചല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതികളില്‍ കേസെടുക്കുന്നത് വൈകിപ്പിച്ച പോലിസ് പിന്നീട് ഗണേഷ്‌കുമാറിനെതിരേ നിസ്സാര വകുപ്പും അനന്തകൃഷ്ണനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരവും കേസെടുത്തു. ഇതോടെ, ഷീന കോടതിയില്‍ ഗണേഷ്‌കുമാറിനെതിരേ രഹസ്യ മൊഴി നല്‍കി.
ഇതില്‍ ഗണേഷിനെതിരേ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ഉണ്ടാവുമെന്ന ഘട്ടമെത്തിയതോടെ ഗണേഷ്‌കുമാറിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയും എന്‍എസ്എസ് നേതാക്കളും ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായി. ഇതനുസരിച്ച് കഴിഞ്ഞ ദിവസം അനന്തകൃഷ്ണനും അമ്മ ഷീനയും ഗണേഷ്‌കുമാറിനു വേണ്ടി പരാതി നല്‍കിയ പ്രദീപും അഞ്ചല്‍ സിഐയുടെ ചേംബറിലെത്തി പരാതി പിന്‍വലിക്കുന്നതായി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ നിര്‍ണായകമാവും. ആദ്യം നല്‍കിയ രഹസ്യ മൊഴിയില്‍ നിന്നു വ്യത്യസ്തമായ സത്യവാങ്മൂലം നല്‍കിയതിന് ഷീനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന്, കോടതിയില്‍ നിന്ന് ഉണ്ടാവുന്ന നീക്കങ്ങള്‍ ഇരുകൂട്ടര്‍ക്കും നിര്‍ണായകമാവും.
Next Story

RELATED STORIES

Share it