kasaragod local

എംഎല്‍എ ഫണ്ട് അവലോകനം ഓണ്‍ലൈനില്‍

കാസര്‍കോട്്: സംസ്ഥാനത്ത് എംഎല്‍എമാരുടെ പ്രത്യേക ആസ്തിവികസന ഫണ്ടുപയോഗിച്ച നടത്തുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. പ്ലാന്‍ സ്‌പെയ്‌സ് സോഫ്റ്റ് വെയര്‍ സംവിധാനമുപയോഗിച്ചാണ് പുരോഗതിയുടെ മേല്‍നോട്ടം നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി പ്ലാന്‍ സ്‌പെയ്‌സ് ഉപയോഗിച്ചുള്ള എംഎല്‍എ ഫണ്ട് അവലോകനം ഉദുമ നിയോജക മണ്ഡലത്തില്‍ നടന്നു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ഓണ്‍ലൈന്‍ അവലോകനം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു.
ഉദുമ നിയോജകമണ്ഡലപരിധിയില്‍ നടപ്പുസാമ്പത്തിക വര്‍ഷം അനുവദിച്ച പദ്ധതികളും സ്പില്‍ ഓവര്‍ പ്രവര്‍ത്തികളും അവലോകനം ചെയ്തു. ജില്ലാവികസന സമിതിയില്‍ വാര്‍ഷിക പദ്ധതി അവലോകനം നടത്തുന്നത് പ്ലാന്‍ സ്‌പെയ്‌സ് ഉപയോഗിച്ചാണ്. ഇതേ സോഫ്റ്റ് വെയറിലാണ് എംഎല്‍എ ഫണ്ട് വിനിയോഗത്തിന്റെ പുതിയ മോണിറ്ററിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ ഗ്രാമവികസന വകുപ്പിനാണ് എംഎല്‍എ ഫണ്ടിന്റെ മേല്‍നോട്ടം. യോഗത്തില്‍ അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി എം രാജീവ്, ഫിനാന്‍സ് ഓഫിസര്‍ കെ സതീശന്‍, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസി. എക്‌സി. എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ സംബന്ധിച്ചു.
കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ പ്രത്യേക ആസ്തി വികസന നിധി ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു.
75 വിദ്യാലയങ്ങള്‍ക്ക് കംപ്യൂട്ടര്‍, വിവിധ വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍, സ്‌കൂള്‍ ബസ് തുടങ്ങിയ പ്രവര്‍ത്തികളുടെ നിര്‍വഹണത്തിന് വിദ്യാഭ്യാസ ഉപഡയറക്ടറെ  ചുമതലപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ആസ്തിവികസന ഫണ്ടില്‍ അനുവദിച്ച കുടിവെള്ളവിതരണപദ്ധതികള്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്നതിന് മുമ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it