Flash News

എംഎല്‍എ ഫണ്ടില്‍ കൈയിട്ട് വാരാനുള്ള നീക്കം ഉപേക്ഷിക്കണം : ചെന്നിത്തല



തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ജില്ലാ കലക്ടറേറ്റിലെ ഭരണ, കൈകാര്യ ചെലവുകള്‍ക്കു എന്ന പേരില്‍ 1.25 ലക്ഷം രൂപ കൈയിട്ടു വാരാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. നിയോജക മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിന്റെ നടത്തിപ്പിനു ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ഭരണ ചെലവുകള്‍ക്കും അടിസ്ഥാന സൗകര്യ രൂപീകരണത്തിനുമായി ഫണ്ടായ അഞ്ചു കോടി രൂപയുടെ 0.25 ശതമാനം നീക്കിവയ്ക്കാന്‍ ധനകാര്യ വകുപ്പ് ഉത്തരവിട്ടത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചുകോടി രൂപ തന്നെ അപര്യാപ്തമാണെന്ന് എംഎല്‍എമാര്‍ പരാതിപ്പെടുമ്പോള്‍ അതില്‍ നിന്ന് 1.25 ലക്ഷം രൂപ ഭരണ ചെലവിനെന്ന പേരില്‍ കവര്‍ന്നെടുക്കുന്നത് അംഗീകരിക്കാനാവില്ല. ഓഫിസ് ചെലവുകള്‍ക്കു പ്രത്യേക ഫണ്ട് കണ്ടെത്തുകയോ, നിലവിലുള്ള ഓഫിസ് ചെലവുകളുടെ ഭാഗമായി ക്രമീകരിക്കുകയോ ആണു ചെയ്യേണ്ടത്. എംഎല്‍എമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമല്ല അവരുടെ ഫണ്ടില്‍ നിന്ന് കുറവുവരുത്താന്‍ തീരുമാനിച്ചത്. കലക്ടറേറ്റില്‍ ആസ്തി വികസന ഫണ്ട് കൈകാര്യം ചെയ്യുന്നതിനു പ്രത്യേക സംവിധാനം ഉണ്ടാവുന്നതു നല്ലതാണെങ്കിലും എംഎല്‍ എമാരുടെ  ഫണ്ടില്‍ കുറവു വരുത്താനുള്ള തീരുമാനം ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it