എംഎല്‍എയ്ക്കും എംപിയ്ക്കുംരൂക്ഷ വിമര്‍ശനം

കോതമംഗലം: ആന്റണി ജോ ണ്‍ എംഎല്‍എയും ജോയിസ് ജോര്‍ജ് എംപിയും അഹങ്കാരത്തിന്റെ പ്രതിരൂപങ്ങളാണെന്ന് സിപിഐ മണ്ഡല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം.ആന്റണി ജോണ്‍ എംഎല്‍എയുടെ പ്രവര്‍ത്തനശൈലിക്കെതിരേ നേരത്തെ തന്നെയുള്ള വിയോജിപ്പ് കൂടുതല്‍ ശക്തമാക്കുന്നതാണ് സിപിഐയുടെ മണ്ഡലം സമ്മേളനത്തില്‍ സെക്രട്ടറി എം കെ രാമചന്ദ്രന്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. കടുത്തഭാഷ തന്നെയാണ് എംഎല്‍ എക്കെതിരേ പ്രയോഗിച്ചിട്ടുള്ളത്. ഉത്തരവാദിത്വവും ചുമതലകളും തിരിച്ചറിയാതെ ഉദ്ഘാടന മാമാങ്കവുമായി എംഎല്‍എ നടക്കുന്നു. ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പോലും എംഎല്‍എ തയ്യാറാവുന്നില്ല.എംഎല്‍എയും എംപിയും അഹങ്കാരത്തിന്റെ പ്രതിരൂപങ്ങളാണ്. എന്നിങ്ങനെയാണ് റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. എംഎല്‍എയുടെ ശൈലിക്കെതിരേ സിപിഎം നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായിട്ടില്ല. കൂടിയാലോചനകളില്ലാത്ത പ്രവര്‍ത്തനവും വികസന കാര്യങ്ങളിലുള്ള അവഗണനയും ചൂണ്ടികാട്ടിയാണ് സിപിഐ ആന്റണി ജോണിനെതിരേ തിരിയുന്നത്. റിംഗ് റോഡ്, മിനി സിവില്‍ സ്‌റ്റേഷന്‍, കാക്കനാട് നാലുവരിപ്പാത, പട്ടയം തുടങ്ങിയ കാര്യങ്ങളിലൊന്നും എംഎല്‍എ ഒന്നും ചെയ്യുന്നില്ല. മണ്ഡലത്തിലെ റോഡുകളാകെ തകര്‍ന്നുകിടക്കുന്നു. തദേശ സ്ഥാപനങ്ങളുടെ ബജറ്റ് കാലിയാക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളാണ് വികസനം എന്ന് എംഎല്‍എ ധരിച്ചുവച്ചിട്ടുള്ളതായും സിപിഐ സംശയിക്കുന്നു. കോതമംഗലത്ത് എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തിലും സിപിഐ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. സിപിഐക്കാരായ മന്ത്രിമാരേയും റിപോര്‍ട്ട് പ്രതിക്കൂട്ടിലാക്കുന്നുണ്ട്. വനം, റവന്യു മന്തിമാര്‍ക്കെതിരേയാണ് കൂടുതല്‍ വിമര്‍ശനം. വന്യമൃഗശല്യം തടയുന്ന കാര്യത്തില്‍ തട്ടേക്കാട് വച്ച് വനംമന്ത്രി നല്‍കിയ ഉറപ്പും പഴയചാക്കും തമ്മില്‍ വ്യത്യാസമില്ല. തലക്കോട് പാര്‍ട്ടി പ്രവര്‍ത്തകനെ കൈവശഭൂമിയില്‍ നിന്ന് കുടിയിറക്കിയ വിഷയത്തിലും സമാനസ്വഭാവമുള്ള വണ്ണപ്പുറത്തെ കൈവശഭൂമി ഒഴിപ്പിക്കല്‍ വിഷയത്തിലും മന്ത്രിയുടേത് ഇരട്ടത്താപ്പായിരുന്നു. കോതമംഗലം മണ്ഡലത്തി ല്‍ അയ്യായിരത്തിലധികം പേര്‍ പട്ടയത്തിനായി കാത്തിരിക്കുമ്പോഴും ഒരു നടപടിയുമുണ്ടാവുന്നില്ല. ഇക്കാര്യത്തില്‍ ഒരു സ്വപ്‌നാടകനെപോലെയാണ് മന്ത്രി ഇ ചന്ദ്രശേഖരന്റെ സമീപനം. വന്യമൃഗംമൂലം മരിച്ച കുടുബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടും നല്‍കിയത് അഞ്ച് ലക്ഷം മാത്രമാണ്. മന്ത്രിമാര്‍ വാക്കിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. മദ്യഉപഭോഗം കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയിട്ട് മുക്കിന് മുക്കിന് മദ്യകടകള്‍ തുറക്കുകയാണ് ചെയ്തതെന്നും റിപോര്‍ട്ട് ചൂണ്ടികാട്ടുന്നു. പ്രതിനിധി സമ്മേളനത്തിലെ ആദ്യദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവരിലേറെയും റിപോര്‍ട്ടിലെ പരാമര്‍ശങ്ങളെ പിന്തുണച്ചുവെന്നാണ് അറിയുന്നത്. സി എന്‍ ജയദേവന്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നും പ്രതിനിധി സമ്മേളനം തുടരും.
Next Story

RELATED STORIES

Share it