എംഎല്‍എയുടെ നിയമലംഘനം സ്ഥിരീകരിച്ച് കലക്ടറുടെ റിപോര്‍ട്ട്‌

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ നിയമ ലംഘനം സ്ഥിരീകരിച്ച് ജില്ലാ കലക്ടറുടെ അന്വേഷണ റിപോര്‍ട്ട്. കോഴിക്കോട് ജില്ലാ കലക്ടറാണ് ദുരന്ത നിവാരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കിയത്.കൂടരഞ്ഞിയില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്റെ നിര്‍മാണം സംബന്ധിച്ചും, ഇദ്ദേഹം തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ കാണിച്ചിട്ടുള്ള അധിക ഭൂമി സംബന്ധിച്ചുമാണു സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ അന്വേഷണം നടത്തിയത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ അന്വേഷണത്തില്‍ ഭൂപരിഷ്‌കരണ നിയമം അനുശാസിക്കുന്ന പരിധിയില്‍ കൂടുതല്‍ ഭൂമി എംഎല്‍എയും ഭാര്യയും ചേര്‍ന്നു കൈവശം വച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കേരള ഭൂപരിഷ്‌കരണ നിയമം വകുപ്പ് 87(1) പ്രകാരം പരിധിയില്‍ അധികം ഭൂമി കൈവശം വച്ചിട്ടും ഇക്കാര്യം സംബന്ധിച്ച്് സര്‍ക്കാരിന് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ലെന്ന്  റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നിയമലംഘനത്തിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയ്ക്കും കുടുംബത്തിനും എതിരേ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നു കഴിഞ്ഞ ഡിസംബര്‍ 19ന് താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്, സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നതായും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്്.
മലപ്പുറത്തെ വിവരാവകാശ പ്രവര്‍ത്തകരായ മനോജ് കേദാരം, കെ വി ഷാജി എന്നിവര്‍ ഗവര്‍ണര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണു ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംയുക്ത ഉദ്യോഗസ്ഥ സംഘത്തെ അന്വേഷണത്തിനായി ജില്ലാ കലക്ടര്‍ നിയോഗിച്ചിരുന്നു.  ഈ ഉദ്യോഗസ്ഥ സംഘം പ്രത്യേകം പ്രത്യേകം സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് ജില്ലാ കലക്ടര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. ഭൂരേഖാ വിഭാഗം വില്ലേജ് ഓഫിസിലെ നികുതി റജിസ്റ്റര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തന്നെ, കൂടരഞ്ഞി വില്ലേജില്‍ മാത്രം എംഎല്‍എക്കും ഭാര്യമാരില്‍ ഒരാള്‍ക്കുമായി 14.79 ഏക്കര്‍ ഭൂമിയുണ്ടെന്നു കണ്ടെത്തി. നാല് സര്‍വേ നമ്പറുകളിലായി നികുതി ഈടാക്കിയിട്ടുള്ള ഈ ഭൂമികളില്‍ ഒന്നു മാത്രമേ എംഎല്‍എ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്്. എംഎല്‍എക്കും കുടുംബത്തിനും മറ്റ് ജില്ലകളില്‍ ഭൂമിയുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം ആവശ്യമാണെന്നും ഭൂരേഖാ വിഭാഗം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തിയ വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച റിപോര്‍ട്ടുകളില്‍, ഭൂരേഖാ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ റിപോര്‍ട്ടില്‍ മാത്രമാണ് എംഎല്‍എയുടെ നിയമലംഘനം കണ്ടെത്തിയിട്ടുള്ളത്. മറ്റു വകുപ്പുകളെല്ലാം എംഎല്‍എയ്ക്ക് അനുകൂലമായ റിപോര്‍ട്ടുകളാണു സമര്‍പ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it