kozhikode local

എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് : നാദാപുരം ഗവ. കോളജ് കെട്ടിട നിര്‍മാണത്തിന് അഞ്ചു കോടിയുടെ ഭരണാനുമതി

നാദാപുരം: കെട്ടിട നിര്‍മാണം അനിശ്ചിതത്വത്തിലായ നാദാപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് അഞ്ച് കോടിയുടെ ഭരണാനുമതി ലഭിച്ചതായി ഇ കെ വിജയന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് കോടി രൂപയുടെ പ്രവര്‍ത്തനാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
കല്ലാച്ചി തെരുവംപറമ്പില്‍ ജനകീയമായി സ്വരൂപിച്ച സംഖ്യ ഉപയോഗപ്പെടുത്തി ലഭ്യമാക്കിയ അഞ്ചേക്കറിലാണ് കോളജ് കെട്ടിടം പണിയുന്നത്. രണ്ട് വര്‍ഷം മുമ്പ് മുന്നൂറ് കുട്ടികളുമായി വാണിമേലിലെ മദ്രസ കെട്ടിടത്തിലും പിന്നീട് ദാറുല്‍ഹുദാ അറബിക് കോളജ് കെട്ടിടത്തിലുമായി പ്രവര്‍ത്തനം തുടങ്ങിയ കോളജിന് കെട്ടിടം പണിയാന്‍ കഴിയാത്തത് വിമര്‍ശവിധേയമായിരുന്നു. വിദ്യാര്‍ഥികള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും തെരുവോരങ്ങളില്‍ ക്ലാസ് നടത്തുകയും ചെയ്തിരുന്നു.
ഭരണാനുകൂല സംഘടനകള്‍ എംഎല്‍എയേയും എംഎല്‍എ ഫണ്ട് അനുവദിച്ചിട്ടും കെട്ടിടമാവാത്തതിന് പ്രതിപക്ഷ സംഘടകള്‍ ഗവണ്‍മെന്റിനെയും കുറ്റപ്പെടുത്തുന്നതിനിടെയാണ് ചുവപ്പ് നാടകള്‍ക്ക് വിരാമമായി ഭരണാനുമതി ലഭിച്ചിരിക്കുന്നത്.ഗവണ്‍മെന്റ് അനുവദിച്ച പത്തൊമ്പതര ലക്ഷം രൂപ ഉപയോഗപ്പെടുത്തി ഫിസിക്‌സ് ലാബ്, ലൈബ്രറി, പുസ്തകങ്ങള്‍ , ഫര്‍ണിച്ചറുകള്‍ എന്നിവ കോളജില്‍ സജ്ജീകരിച്ചതായും ടെന്റര്‍ നടപടികളില്ലാതെ തന്നെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെക്കൊണ്ട് എത്രയും പെട്ടെന്ന് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it