എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു; സഭാസമ്മേളനത്തിനു തുടക്കം

തിരുവനന്തപുരം: എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ 14ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിനു തുടക്കമായി. പ്രോടേം സ്പീക്കര്‍ എസ് ശര്‍മയ്ക്കു മുമ്പിലാണ് 139 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ ഒമ്പതിനു തുടങ്ങിയ ചടങ്ങ് 11.35നു പൂര്‍ത്തിയായി. വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നുള്ള മുസ്‌ലിംലീഗിന്റെ പുതുമുഖം അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആദ്യവും കോവളത്തുനിന്നുള്ള കോണ്‍ഗ്രസ് പുതുമുഖം എം വിന്‍സന്റ് അവസാനവും സത്യപ്രതിജ്ഞ ചെയ്തു.
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കു വിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 137ാം അംഗമായി സഗൗരവത്തിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 76ാമതായി ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍ എട്ടാമതായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 96ാമതായും പ്രതിജ്ഞയെടുത്തു. സഭയിലെ ബേബി എംഎല്‍എയായ പട്ടാമ്പിയിലെ മുഹ്‌സിന്‍, നടന്‍ മുകേഷ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ സത്യപ്രതിജ്ഞയ്ക്കു വന്നപ്പോള്‍ കൈയടിച്ചാണ് അംഗങ്ങള്‍ സ്വീകരിച്ചത്.
മാധ്യമലോകത്തുനിന്നെത്തിയ വീണ ജോര്‍ജും ആദ്യദിനം ശ്രദ്ധിക്കപ്പെട്ടു. മുസ്‌ലിംലീഗില്‍ നിന്ന് പി കെ ബഷീര്‍, മഞ്ഞളാംകുഴി അലി, പാറക്കല്‍ അബ്ദുല്ല, എം കെ മുനീര്‍, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ദൈവനാമത്തിലും ബാക്കിയുള്ളവര്‍ അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
കോണ്‍ഗ്രസ്സില്‍ നിന്ന് വി ടി ബല്‍റാം നെഞ്ചില്‍ കൈവച്ച് സഗൗരവത്തിലും അന്‍വര്‍ സാദത്ത് അല്ലാഹുവിന്റെ നാമത്തിലും പ്രതിജ്ഞചെയ്തു. സിപിഎമ്മിലെ ആന്റണി ജോണും വീണ ജോര്‍ജും സിപിഐയിലെ വി ശശിയും ദൈവനാമത്തിലാണു പ്രതിജ്ഞ ചൊല്ലിയത്. കഴിഞ്ഞതവണ ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്ത ഐഷാപോറ്റി ഇത്തവണ സഗൗരവത്തിലേക്കു മാറി. നിയമസഭയില്‍ അക്കൗണ്ട് തുറന്ന എന്‍ഡിഎയുടെ എംഎല്‍എ ഒ രാജഗോപാല്‍ ദൈവനാമത്തിലും ഇരുമുന്നണികളെയും തോല്‍പ്പിച്ച് പൂഞ്ഞാറില്‍ നിന്നും സഭയിലെത്തിയ പി സി ജോര്‍ജ് സഗൗരവം ദൈവനാമത്തിലും പ്രതിജ്ഞ ചൊല്ലി. മഞ്ചേശ്വരം എംഎല്‍എ അബ്ദുല്‍ റസാഖ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹൈബി ഈഡനും കെ മുരളീധരനും ഇംഗ്ലീഷിലും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു.
തുടക്കക്കാരും പരിചയസമ്പന്നരും ഉള്‍പ്പെടുന്ന 91 അംഗങ്ങളുടെ കരുത്തിലാണ് എല്‍ഡിഎഫ് ട്രഷറി ബെഞ്ചിലെത്തിയത്. പ്രതിപക്ഷത്ത് 49 പേരാണ്. 47പേര്‍ യുഡിഎഫ് പ്രതിനിധികളാണ്. അവശേഷിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ ബിജെപിയും മറ്റേയാള്‍ സ്വതന്ത്രനുമാണ്. 93 വയസ്സുള്ള വിഎസാണ് സഭയിലെ മുതിര്‍ന്ന അംഗം.
30 വയസ്സുള്ള മുഹമ്മദ് മുഹ്‌സിനാണു പ്രായംകുറഞ്ഞ അംഗം. ഒ രാജഗോപാല്‍ ഉള്‍പ്പെടെ 44 പേര്‍ പുതുമുഖങ്ങളാണ്. ഇവരില്‍ മൂന്നുപേര്‍ വനിതകളും. മുഖ്യമന്ത്രിപദത്തില്‍ പിണറായി വിജയനും പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയും തുടക്കക്കാരാണ്.
Next Story

RELATED STORIES

Share it