എംഎല്‍എമാര്‍ ബിപിഎല്‍ പട്ടികയില്‍; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് എംഎല്‍എമാര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബിപിഎല്‍)യുള്ള ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദമായി. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിരവധി റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
എംഎല്‍എ കൃഷ്ണഭഗത് ബിപിഎല്‍ പട്ടികയില്‍ പെട്ടത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഖോര്‍ മേഖലാ തഹസില്‍ദാരെയും ബിപിഎല്‍ സമിതിയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ബഷാറത്ത് ബുഖാരി സംസ്ഥാന നിയമസഭയെ അറിയിച്ചു. സംഭവത്തില്‍ ഏഴു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിപിഎല്‍ ഗുണഭോക്താക്കളില്‍ തന്റെ പേരുണ്ടെന്ന് ഭഗത് തന്നെയാണ് മന്ത്രി സുല്‍ഫിക്കര്‍ അലിയെ അറിയിച്ചത്.
ഇതുസംബന്ധിച്ച് ബുഖാരി സംസാരിക്കവെയാണ് ബിപിഎല്‍ പട്ടികയില്‍ തന്റെ പേരുമുണ്ടെന്ന് ലാന്‍ഗേറ്റ് സ്വതന്ത്ര എംഎല്‍എ ശെയ്ഖ് അബ്ദുല്‍റാഷിദ് വെളിപ്പെടുത്തിയത്.
തന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കുപ്‌വാര ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലാന്‍ഗേറ്റ് തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ബുഖാരി അറിയിച്ചു. സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പായതിനു ശേഷം റവന്യു വകുപ്പ് നടത്തിയ പരിശോധനയിലാണ് റേഷന്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it