wayanad local

എംഎല്‍എമാര്‍ കാഴ്ചക്കാര്‍ മാത്രമായി ; ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എം പി



കല്‍പ്പറ്റ: വയനാടിന്റെ സ്വപ്‌ന പദ്ധതിയായ നിലമ്പൂര്‍- നഞ്ചന്‍കോട്-റെയില്‍വേ ലൈന്‍ തടസ്സപ്പെടുത്തുന്ന ഗൂഢ ശ്രമങ്ങള്‍ക്കെതിരെ ഇന്ന് യുഡി.എഫ് നടത്തുന്ന ജില്ലാ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എം ഐ ഷാനവാസ് എം പി അഭ്യര്‍ത്ഥിച്ചു.  നിലമ്പൂര്‍-നഞ്ചന്‍കോട്-റെയില്‍വേ ലൈനിനെ പ്രാരംഭ ഘട്ടത്തില്‍ റെയില്‍വേ അധികൃതര്‍ എതിര്‍ത്തിരുന്നു. പലവിധ സമ്മര്‍ദ്ദങ്ങള്‍ നടത്തി, ഇത് ഒരു അടഞ്ഞ അധ്യായമാക്കാതെ മുന്നോട്ടു കൊണ്ടു പോകുക എന്ന ദൗത്യമാണ് എംപി എന്ന നിലയില്‍ വയനാടിന് വേണ്ടി ഏറ്റെടുത്തത്. അതിന് ശേഷമാണ് വിപ്ലവകരമായ തീരുമാനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്തത്. പകുതി ചെലവ് കേരള സര്‍ക്കാര്‍ വഹിക്കുമെന്ന് ക്യാബിനറ്റ് തീരുമാനിച്ച് റെയില്‍വേക്ക് കത്ത് നല്‍കി. ഇതോടെയാണ് റെയില്‍വേയുടെ മനോഭാവം മാറിയത്. മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ തലവനായ ഡോ: ഇ ശ്രീധരന്‍ ഈ പാതക്ക് വേണ്ടി താല്പര്യം എടുക്കുകയും, ഇന്ത്യയില്‍ ഏറ്റുമധികം ലാഭകരമായ പാതയായി ഇത് മാറുമെന്ന് പഠനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തു. കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് സര്‍വ്വേക്ക് വേണ്ട എട്ടുകോടി രൂപയാണ്. രണ്ടു കോടി രൂപ ഡിഎംആര്‍സിയുടെ അക്കൗണ്ടിലിട്ടുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഒരു പൈസ പോലും ഇത് വരെ കൈമാറിയിട്ടില്ല.വയനാടിനെ തകര്‍ക്കുവാനുള്ള ഉദ്യോഗസ്ഥ തലത്തിലുള്ള ഗൂഡാലോചനക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നു. എംഎല്‍എമാര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കുക എന്നുള്ളതല്ലാതെ അഭിപ്രായം പറയുവാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് സിപിഎമ്മിലുള്ളത്. കര്‍ണ്ണാടകയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള നീക്കം അനുവദിക്കില്ലെന്നും എം പി പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it