എംഎല്‍എമാരുടെ അയോഗ്യതഹരജി മദ്രാസ് ഹൈക്കോടതിയില്‍ തുടരും; മൂന്നാം ജഡ്ജിയെ നിയമിച്ചു

ന്യൂഡല്‍ഹി: 18 അണ്ണാ ഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ തമിഴ്‌നാട് സ്പീക്കറുടെ തീരുമാനത്തിനെതിരേ സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന് സുപ്രിംകോടതി. ഹരജിയില്‍ തീരുമാനമെടുക്കാന്‍ മൂന്നാം ജഡ്ജിയായി മദ്രാസ് ഹൈക്കോടതിയിലെ എം സത്യനാരായണനെ സുപ്രിംകോടതി നിയമിച്ചു.
കേസ് ഹൈക്കോടതിയില്‍ നിന്നും സുപ്രിംകോടതിയിലേക്കു മാറ്റണമെന്ന എംഎല്‍എമാരുടെ ആവശ്യം കോടതി നിരാകരിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യത്യസ്തമായ വിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഈ മാസം 14നാണു മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് എം സുന്ദറും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചത്.
എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് 2017 സപ്തംബര്‍ 18ന് ഗവര്‍ണറെ കണ്ട 18 എംഎല്‍എമാരെയാണു സ്പീക്കര്‍ പി ധനപാലന്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ തീരുമാനത്തിനെതിരേ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വ്യത്യസ്ത വിധികള്‍ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം സുപ്രിംകോടതിയിലെത്തിയത്.
സ്പീക്കര്‍ പി ധനപാലിന്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചപ്പോള്‍, ജസ്റ്റിസ് സുന്ദര്‍ സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്.
Next Story

RELATED STORIES

Share it