Flash News

എംഇഎസ് പങ്കാളിത്തമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം നിര്‍ത്തിവച്ചു



കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മാങ്കാവിന് സമീപം എംഇഎസ് പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. എംഇഎസും സംസ്ഥാന പ്രസിഡന്റിന്റെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലുള്ള ഫെയര്‍ ഹെല്‍നസ് സോലൂഷന്‍സും സംയുക്ത സംരംഭമായി പണിയുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവച്ചത്്.നിലവിലെ എംഇഎസ് സംസ്ഥാന നേതൃത്വത്തോട് എതിര്‍പ്പുള്ള ഒരുവിഭാഗം പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി. കോര്‍പറേഷനില്‍ വാണിജ്യ കെട്ടിടം നിര്‍മിക്കാന്‍ എംഇഎസ് സെക്രട്ടറി പി ഒ ജമാലുദ്ദീന്‍ ലബ്ബ, ഫെയര്‍ ഹെല്‍നസിന്റെ ഡോ. റഹീം ഫസല്‍ ഗഫൂര്‍ എന്നിവര്‍ക്ക് കോര്‍പറേഷന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കോര്‍പറേഷനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ അനുമതി സമ്പാദിച്ചതെന്ന് കാണിച്ച് ചില എംഇഎസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ബന്ധപ്പെട്ടവര്‍ക്ക് കോര്‍പറേഷന്‍ നോട്ടീസയച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ ശേഷവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി കാണിച്ച് പരാതിക്കാര്‍  ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹരജിയിലാണ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നഗരസഭയ്ക്ക് കോടതി നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് കോഴിക്കോട് മുന്‍സിഫ് കോടതിയിലും ഹൈക്കോടതിയിലും ഇവര്‍ വിവിധ ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ഗഫൂര്‍ അറിയിച്ചു. ഇപ്പോള്‍ പണി നടക്കുന്നില്ലന്നും മാസ്റ്റര്‍ പ്ലാന്‍ മാറ്റി റിവൈസ് പ്ലാന്‍ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കോടതിവിലക്ക് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്നും ഈ ഭൂമി സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ടി കെ  അബ്ദുല്‍കരീം എടപ്പുറ്റ, പി ശൈഖ് മുഹമ്മദ് ചെമ്മാണിയോട് എന്നിവര്‍ നിവേദനം നല്‍കി. കോടതിയില്‍ കേസ് നിലനില്‍ക്കെ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി അവിഹിത മാര്‍ഗത്തിലൂടെ കെട്ടിട നിര്‍മാണത്തിന് അനുവാദം നേടുന്നതിനു ശ്രമം നടക്കുന്നതായി നിവേദനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it