malappuram local

എംആര്‍ വാക്‌സിന്റെ പേരില്‍ ഗവ. ആശുപത്രികളില്‍ ചികില്‍സ നിഷേധിക്കുന്നതായി പരാതി

മലപ്പുറം: എംആര്‍ വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ തിരൂരിലെ ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കുന്നതായി പരാതി. ആശുപത്രിയില്‍ കുട്ടികളുമായി എത്തുന്നവരോട് കുത്തിവയ്പ് എടുത്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഡോക്ടര്‍മാര്‍ ഇല്ലെന്ന് പറഞ്ഞാല്‍ കുത്തിവെപ്പെടുത്ത ശേഷം മാത്രമേ പരിശോധിക്കുകയും മരുന്ന് കുറിക്കുകയും ചെയ്യുന്നുള്ളുവെന്നാണ് പറയുന്നത്. പനി, ജലദോഷം, വയറിളക്കം, ചുമ തുടങ്ങിയ സാംക്രമിക രോഗലക്ഷണങ്ങള്‍ ഉള്ള രോഗികള്‍ക്ക് ഒരിക്കലും പ്രതിരോധ വാക്‌സിനുകള്‍ നല്‍കാന്‍ പാടില്ലെന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. ഈ അവസ്ഥയില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കിയാല്‍ ആ രോഗങ്ങള്‍ രോഗിക്ക് വരുമെന്നാണ് വിദഗ്ധാഭിപ്രായം. ലോകാരോഗ്യ സംഘടനയും ഈ അഭിപ്രായം ശരിവെച്ചിട്ടുണ്ട്. ശരീരത്തിന് പ്രതിരോധ ശേഷി കുറഞ്ഞതിനാലാണ് സാംക്രമിക രോഗങ്ങള്‍ വരുന്നത്. ഈ അവസ്ഥയില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ പാടില്ല. ഈ നിയമം തെറ്റിച്ചാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ചികില്‍സ നിഷേധിക്കുന്നത്. തിരൂരിലെ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികില്‍സക്കെത്തിയ പനിയുള്ള കുട്ടികള്‍ക്ക് ശിശു രോഗ വിദഗ്ധന്‍ കുത്തിവെപ്പെടുത്തില്ലെന്ന് പറഞ്ഞ് ചികില്‍സ നിഷേധിക്കുകയുണ്ടായി. അതേ തുടര്‍ന്ന് രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുകയായിരുന്നു. കുട്ടികളുടെ ഒപി വിഭാഗത്തിലായിരുന്നു ഡോക്ടറുടെ ചികില്‍സ നിഷേധം. എംആര്‍ വാക്‌സിന്‍ പ്രചരണത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ അര്‍ഹതയുള്ള ചികില്‍സ നിഷേധിക്കുന്നതിനെതിരെ ആരോഗ്യ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍  സാംക്രമിക രോഗങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രമേ നല്‍കാവൂയെന്ന ലോകാരോഗ്യ സംഘടനയുടേയും വിദഗ്ധ ഡോക്ടര്‍മാരുടേയും നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പെരുമാറുന്നതെന്ന ആക്ഷേപവും വ്യാപകമാണ്. ലൈവ് വാക്‌സിനുകള്‍ പനിയുള്ളവര്‍ക്ക് കൊടുക്കാന്‍ പാടില്ലെന്ന പ്രാഥമിക അറിവ് പോലുമില്ലാത്തവരാണോ നമ്മുടെ ഡോക്ടര്‍മാരെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ നിഷേധം ഉണ്ടെന്നാണ് സൂചന. ഇതിനെതിരേ ആരോഗ്യ വകുപ്പും ഡിഎംഒയും നിര്‍ദ്ദേശം നല്‍കണമെന്നും പൊതു പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it