malappuram local

എംആര്‍ വാക്‌സിനേഷന്‍ : തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്ക് എതിരേ കടുത്ത നടപടി



മലപ്പുറം: റുബെല്ല - മിസില്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ചില അധ്യാപകര്‍ തന്നെ വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്നുണ്ട്. അത്തരം അധ്യാപകരെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രതിരോധ കുത്തിവയ്പിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. രക്ഷിതാക്കള്‍ക്കിടയില്‍ മാത്രമല്ല, അധ്യാപകര്‍ക്കിടയിലും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡിഎംഒ ഡോ. സക്കീന പറഞ്ഞു.  അധ്യാപകര്‍ ആത്മാര്‍ഥമായി സഹകരിക്കുന്ന സ്‌കൂളുകളില്‍ പ്രതിരോധ കുത്തിവയ്പ് പൂര്‍ണ വിജയമാണെന്നും ഡിഎംഒ പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴി വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കണ്ടെത്തിയിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും കലക്ടര്‍ അറിയിച്ചു. വാക്‌സിനേഷനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലൊ ജില്ലാ ഭരണകൂടത്തേയോ അറിയിക്കണം. പ്രതിരോധ കുത്തിവയ്പ് വിജയമാക്കാനും അധ്യാപകരുടെ പൂര്‍ണ സഹകരണം ഉറപ്പാക്കാനും എഇഒ മാര്‍ക്കും ഡിഇഒമാര്‍ക്കും നിര്‍ദേശം നല്‍കി. യുനിസെഫ്, ഡബ്ല്യുഎച്ച്ഒ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസം, സാമൂഹിക നീതി വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it