malappuram local

എംആര്‍ കുത്തിവയ്പ്: ജില്ലയില്‍ ഇനി തീവ്രപ്രചാരണ പ്രവര്‍ത്തനങ്ങള്‍

മലപ്പുറം: ജില്ലയില്‍ മുഴുവന്‍ കുട്ടികള്‍ക്കും എംആര്‍ വാക്‌സിന്‍ നല്‍കിയെന്ന് ഉറപ്പുവരുത്തുന്നതിന് അടുത്ത ആഴ്ച തീവ്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ഇതിനായി കലക്ടറുടെ മേല്‍നോട്ടത്തില്‍ ഒരാഴ്ച നീളുന്ന യോഗങ്ങളും എം ആര്‍ ഗ്രാമസഭയും ചേരും. 8,11,530 കുട്ടികളാണ് ഇതുവരെ വാക്‌സിനെടുത്തത്. ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ട കുട്ടികളുടെ എണ്ണം 12,31,419 ആണ്. ഇത് ഡിസംബര്‍ 16 നകം നേടുന്നതിനുള്ള തീവ്ര പ്രചാരണമാണ് ലക്ഷ്യമിടുന്നത്. എല്ലാ മേഖലയിലും ഉള്‍പ്പെട്ട ആളുകളെ വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും ഡിസംബര്‍ 4ന് എംആര്‍ ഗ്രാമസഭകള്‍ ചേരും. എല്ലാ യോഗത്തിലും ആരോഗ്യ വകുപ്പിന്റെ പ്രതിനിധികള്‍ ഹാജരായി വാര്‍ഡ് മേഖലയില്‍ എത്ര കുട്ടികള്‍ കുത്തിവയ്പ്പ് എടുക്കാനുണ്ടെന്ന് കണ്ടെത്തുകയും ജനപ്രതിനിധികളുമായി സഹകരിച്ച് ഇത് എങ്ങനെ നിര്‍വഹിക്കാമെന്ന് ചര്‍ച്ച് ചെയ്യുകയും ചെയ്യും. ഇതിനുപുറമെ കുത്തിവയ്പ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള എല്ലാ ആശങ്കകളും യോഗത്തില്‍ തീര്‍ക്കുന്നതിനും നടപടിയുണ്ടാവും. ഗ്രാമസഭ നടക്കുന്ന ദിവസമായ നാലിന് വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ യുവജനസംഘടനകളുടെ യോഗം ചേരും. 5ന് രാവിലെ 11ന് മത-രാഷട്രീയ പാര്‍ട്ടികളുടെ യുവജന സംഘടന പ്രതിനിധികളുടെ യോഗവും  കലക്ടറേറ്റില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് പ്രവാസി സംഘടനകളുടെ പ്രതിനിധികളുടെ യോഗവും 6ന് രാവിലെ 10ന് കുത്തിവയ്പ്പില്‍ കുറവ് രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരുടെ യോഗവും ചേരും. തുടര്‍ന്ന് 11ന് വ്യാപാരി വ്യവസായി , ടാക്‌സി ഡ്രൈവര്‍, സ്വകാര്യ ഫാര്‍മസിസ്റ്റുമാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം നടക്കും.
Next Story

RELATED STORIES

Share it