kozhikode local

എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കുന്നത് അപകടകരം: സി ആര്‍ നീലകണ്ഠന്‍

വടകര: ജനസാന്ദ്രതയേറിയ ജെടി റോഡ് പരിസരത്ത് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കുന്നത് അപകടരമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍. അറവുശാലയുടെയും ഡ്രെയിനേജിന്റെയും സമീപ്യം മൂലം രൂക്ഷമായ പരിസ്ഥിതി പ്രശ്‌നം നേരിടുന്ന പ്രദേശത്ത് മാലിന്യം ശേഖരിക്കുന്ന കേന്ദ്രം സ്ഥാപിക്കുന്ന പദ്ധതിയില്‍ നിന്ന് നഗരസഭ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ജെടി റോഡ് പൗരസമിതി നടത്തി വരുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡയോക്‌സിനുകള്‍ പുറത്തു വിടുന്ന പ്ലാസ്റ്റിക് മാലിന്യവും മാരകമായ ലോഹ വിഷങ്ങള്‍ ഉള്ള ഇ വേസ്റ്റുകളും ഒരു ചെറിയ സ്ഥലത്ത് ശേഖരിക്കുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുന്നുര്‍ അധ്യക്ഷത വഹിച്ചു. ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ.എം സന്തോഷ്, മുസ്്‌ലിംലീഗ് നേതാവ് എപി മഹമൂദ് ഹാജി, സവാദ് വടകര, ഷാജഹാന്‍, മുജീബ് പാലക്കല്‍, അമീര്‍ പാലക്കല്‍, ബിജില്‍, മനോജന്‍, ഷൗഖത്തലി, ഷമീര്‍, അഡ്വ ലാല്‍മോഹന്‍, അഡ്വ പിപി സദാനന്ദന്‍, മുനീര്‍ സേവന, വാര്‍ഡ് കൗണ്‍സിലര്‍ പ്രേമാകുമാരി, കൗണ്‍സിലര്‍ അജിതമാരായ അജിത, രജനി, യൂനുസ് മാസ്റ്റര്‍, അനസ് സംസാരിച്ചു.  അതേസമയം പൗരസമിതി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 12ാം തിയതി തിങ്കളാഴ്ച മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൗണ്‍സില്‍ യോഗം നടക്കുന്ന ദിവസം മാര്‍ച്ച് നടത്താന്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. പൗരസമിതിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ സംഘനകളുടെയും സാമുഹിക പ്രവര്‍ത്തകരുടെയും യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ജെടി റോഡില്‍ നിര്‍ദിഷ്ട കേന്ദ്രത്തിനെതിരെ പൗരസമിതി നടത്തി വരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഇവിടെ അജൈവ മാലിന്യ കേന്ദ്രമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ പരിസരവാസികള്‍ ഉറച്ചുനില്‍ക്കുകയാണ്. പൗരസമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സി.വല്‍സന്‍ പി എസ് രഞ്ജിത്ത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എ പ്രേമകുമാരി, ലീഗ് നേതാക്കളായ പുത്തുര് അസീസ്, മാനസ കരിം, എം.ഫൈസല്‍, അന്‍സാര്‍ മുകച്ചേരി, കൗണ്‍സിലര്‍ മാരായ മുഹമ്മദ്  റാഫി, പി.സഫിയ, ബുഷ്‌റ എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സവാദ്, ഷാജഹാന്‍, റിനിഷ്, എപി സജിത്ത്, ശംസുദ്ധിന്‍ മുഹമ്മദ്, ഹാരിഫ്, മിഖ്ദാദ് തയ്യില്‍, ഹാരിസ്, റാജിസ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it