ഊഹങ്ങളുടെ പേരില്‍ സ്വാതന്ത്ര്യം ബലി നല്‍കാനാവില്ല

ന്യൂഡല്‍ഹി: ഊഹങ്ങളുടെ പേരില്‍ സ്വാതന്ത്ര്യത്തെ ബലികൊടുക്കാനാവില്ലെന്നു സുപ്രിംകോടതി. ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലിസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം സൂക്ഷ്മദൃഷ്ടിയോടെ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്തു നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി, മഹാരാഷ്ട്ര സര്‍ക്കാരിനോട് തെളിവുകളും രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിവിധ രേഖകള്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഹാജരാക്കി.
ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചത്. വിഷയം അതീവ ഗൗരവമുള്ളതാണെന്നും മഹാരാഷ്ട്ര സര്‍ക്കാരിനു പറയാനുള്ളത് മുഴുവന്‍ കേള്‍ക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. നിങ്ങളെ തീര്‍ച്ചയായും കേള്‍ക്കാമെന്നു വ്യക്തമാക്കിയ ജ. ചന്ദ്രചൂഡ്, കോടതിയുടെ മനസ്സും മനുഷ്യത്വം നിറഞ്ഞതാണെന്നു മറുപടി നല്‍കി.
ഭരണകൂടത്തെ വിമര്‍ശിക്കലും ആഭ്യന്തര കലാപം ഉണ്ടാക്കലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. നിങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം സര്‍വകലാശാലകളുള്‍പ്പെടെയുള്ള പ്രസിദ്ധ സ്ഥാപനങ്ങള്‍ ഈ കേസില്‍ ഏര്‍പ്പെട്ടതായാണ് മനസ്സിലാവുന്നത്. ഇതൊക്കെ വാസ്തവമാണോയെന്നും ഇവര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നമ്മള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും എതിര്‍ശബ്ദങ്ങളെ അംഗീകരിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
എതിരഭിപ്രായങ്ങള്‍ ആരാണ് പറയുന്നതെന്നതിനു പ്രാധാന്യമുണ്ടെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും വാദിച്ചു. അറസ്റ്റിലായവരുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ആരോപണമുന്നയിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദങ്ങളെ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി നിഷേധിച്ചു. അറസ്റ്റിലായ അഞ്ചുപേരും ഇതിനുമുമ്പ് ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it