kozhikode local

ഊളേരിയില്‍ വിദേശ മദ്യഷോപ്പ്‌വിരുദ്ധ സമരത്തില്‍ സംഘര്‍ഷവും ആത്മഹത്യാ ഭീഷണിയും



പേരാമ്പ്ര: കായണ്ണ ഗ്രാമപ്പഞ്ചായത്തിലെ ഊളേരിയില്‍ പുതുതായി വിദേശ മദ്യഷാപ്പ് സ്ഥാപിക്കാന്‍ മദ്യമിറക്കുന്നത് രണ്ടാം ദിവസവും സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. മദ്യമിറക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി മൂന്ന് യുവാക്കള്‍ തെങ്ങിലും മരത്തിലും കയറിയപ്പോള്‍ രണ്ട് സ്ത്രീകള്‍ മണ്ണെണ്ണ ദേഹത്തൊഴിച്ചും നിലയുറപ്പിച്ചു. ഇവര്‍ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ ജനക്കൂട്ടവും സംഘടിച്ചതോടെ ബലപ്രയോഗത്തിന് തയ്യാറെടുത്ത പോലിസ് പിന്‍വാങ്ങി. ഡെപ്യൂട്ടി തഹ സില്‍ദാര്‍ കെ കെ രവീന്ദ്രന്‍ സ്ഥലത്തെത്തി പ്രദേശത്തെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം കലക്ടറെ ധരിപ്പിച്ചു. തുടര്‍ന്ന് കലക്ടര്‍ ഇവിടെ മദ്യഷോപ്പ് തുടങ്ങുന്നത് തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ സ്‌റ്റോക്ക് ഇറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി ലോറി കൂരാച്ചുണ്ട് സ്‌റ്റേഷനിലേക്കയച്ചു. ആത്മഹത്യ ഭയന്ന് പേരാമ്പ്ര ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. നാദാപുരം ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനിയല്‍, കോ ണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം ഋഷികേശന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ രാജേഷ്, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം, എം മോഹനന്‍ , അഗസ്റ്റ്യന്‍ കാരക്കട, കെ കെ രജീഷ്, ജയപ്രകാശ് കായണ്ണ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it