kasaragod local

ഊര്‍ജ സംരക്ഷണത്തിന് വിദ്യാര്‍ഥികള്‍

മുള്ളേരിയ: ഊര്‍ജ സംരക്ഷണ സന്ദേശത്തിന് മുന്നിട്ടിറങ്ങി മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു.
വേനല്‍ കാലത്ത് വര്‍ധിച്ചുവരുന്ന വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ഥികള്‍ വീട് സന്ദര്‍ശനം നടത്തി ഊര്‍ജ്ജ സംരക്ഷണ പ്രചാരണം ആരംഭിച്ചത്. ഇതിന്റെ മുന്നോടിയായി കെഎസ്ഇബി അസി. എക്‌സി. ചീഫ് എന്‍ജിനീയര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍, സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു. 100 വിദ്യാര്‍ഥികള്‍ 25 ഗ്രൂപ്പുകളായി തിരിഞ്ഞ് കാറഡുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് നോട്ടീസ് വിതരണം ചെയ്തു.
ഓരോ വീട്ടിലെയും കഴിഞ്ഞ മാസത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ കണക്കുകള്‍ ശേഖരിച്ചു. അടുത്ത സന്ദര്‍ശനത്തില്‍ മീറ്റര്‍ റീഡിങ്ങിന്റെ അടിസ്ഥാനത്തില്‍ വൈദ്യതിയുടെ ഉപയോഗം കുറഞ്ഞ വീടുകള്‍ക്ക് കെഎസ്ഇബിയുടെ സഹായത്തോടെ സമ്മാനം നല്‍കുവാനും തീരുമാനിച്ചു.
വീട് സന്ദര്‍ശനം മുള്ളേരിയക്കടുത്തുള്ള വിവേകാനന്ദ നഗറിലെ ഭാസ്‌കരന്‍ എന്നയാളുടെ വീട്ടില്‍ പ്രോഗ്രാം ഓഫിസര്‍ ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. അതോെടാപ്പം ഓരോ വിദ്യാര്‍ഥിയും തന്റെ വീടിന്റെ തൊട്ടടുത്തുള്ള അഞ്ച് വീടുകളില്‍ അതുവഴി 500 വീടുകളില്‍ ഈ സന്ദേശം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാരിന്റെ ലാഭപ്രഭ പദ്ധതിയമായി സഹകരിച്ച് മുള്ളേരിയയിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നടത്തിയ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനം അധികൃതരുടെ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ വര്‍ഷവും പ്രവര്‍ത്തനം നടത്തുന്നത്.
Next Story

RELATED STORIES

Share it