kannur local

ഊര്‍ജ സംരക്ഷണത്തിനു പുതുവഴികളുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

പയ്യന്നൂര്‍: ഊര്‍ജ ദൗര്‍ലഭ്യം നേരിടുന്ന ഇക്കാലത്ത് സംരക്ഷണത്തിനു പുതുവഴികളുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. വളരെ കുറഞ്ഞ കാറ്റില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വെര്‍ട്ടിക്കല്‍ വിന്റ് ടര്‍ബൈന്‍ ഒരുക്കിയാണ് പയ്യന്നൂര്‍ ചാലക്കോട് ശ്രീ നാരായണഗുരു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി വിദ്യാര്‍ഥി കൂട്ടായ്മ ശ്രദ്ധ നേടുന്നത്.
അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ എസ് സംഗീത്, ആനന്ദ്, പ്രിദുന്‍ രാജ്, പി പി ബിനേഷ്, നിസ്തുല്‍ ആനന്ദ്, നിയാസുദ്ദീന്‍ എന്നിവരാണ് പ്രൊജക്ട് പൂര്‍ത്തിയാക്കിയത്. അധ്യാപകനായ കെ പ്രഭിത്ത്, സഹ അധ്യാപകരായ നളിനാക്ഷന്‍, ധനരാജ് എന്നിവരും സഹായത്തിനെത്തി. കാറ്റ് ലഭ്യമായ എല്ലായിടത്തും ഉപയോഗിക്കാവുന്ന വിന്റ് ടര്‍ബൈന്‍ സാധാരണ കാറ്റാടിയില്‍ നിന്നു വ്യത്യസ്തമായി തറയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെയും സ്ഥാപിക്കാം. വെര്‍ട്ടിക്കല്‍ വിന്റ് ടര്‍ബൈനുകള്‍ സ്വയം കറങ്ങുന്നില്ലെന്ന ന്യൂനത പരിഹരിക്കാന്‍ പ്രത്യേക മെക്കാനിസം നിര്‍മിച്ച് സെല്‍ഫ് സ്റ്റാര്‍ട്ടിങാക്കിയിട്ടുണ്ട്. നിര്‍മാണ ചെലവ് കുറഞ്ഞ ഇത്തരം ടര്‍ബൈനുകള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി നിര്‍മാണത്തിനും ഉപയോഗിക്കാം. തികച്ചും ലളിതമായ പ്രവര്‍ത്തനമാണ് മറ്റൊരു സവിശേഷത.
വിലങ്ങനെ സ്ഥാപിച്ച ടര്‍ബൈന്‍ ബ്ലേയ്ഡില്‍ കാറ്റടിക്കുമ്പോള്‍ അത് റോട്ടോറിനെ കറക്കും. ഷാഫ്ടുമായി ഘടിപ്പിച്ചിട്ടുള്ള പുള്ളി വഴി ജനറേറ്ററിലെത്തുന്ന യാന്ത്രികോര്‍ജം വൈദ്യുതോര്‍ജമായി ബാറ്ററിയില്‍ സൂക്ഷിക്കുന്നു. ആവശ്യാനുസരണം ബാറ്ററിയില്‍ നിന്നു വൈദ്യുതി ലഭ്യമാവുന്ന വിന്റ് ടര്‍ബൈന്റുകള്‍ ഒരളവുവരെ ഊര്‍ജ ദൗര്‍ലഭ്യം പരിഹരിക്കാന്‍ പ്രാപ്തമാണ്. അന്തരീക്ഷ മലിനീകരണം ഒട്ടുമുണ്ടാക്കാതെയുള്ള യന്ത്രം
ദേശീയ മള്‍ട്ടിഫെസ്റ്റിലെ പ്രധാന ആകര്‍ഷണമായിരുന്നു. പ്രൊജക്ടിന്റെ നിര്‍മിതി പൂര്‍ണമായും കോളജില്‍ വച്ചാണു നടന്നത്.
Next Story

RELATED STORIES

Share it