ഊര്‍ജമേഖലയില്‍ 32,086 കോടിയുടെ ഇന്ത്യ-ബ്രിട്ടന്‍ കരാര്‍

ലണ്ടന്‍: പാരിസ് കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായി ഊര്‍ജം, കാലാവസ്ഥാ വ്യതിയാനം മേഖലകളില്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 3.2 ബില്യണ്‍ പൗണ്ടിന്റെ (ഏകദേശം 32,086 കോടി രൂപ) കരാറില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടേണ്ടതും സുസ്ഥിരവും സുരക്ഷിതവുമായ ഊര്‍ജലഭ്യത ഉറപ്പാക്കേണ്ടതും വളരെ പ്രധാനമാണെന്ന് ഇരുരാജ്യങ്ങളും വിലയിരുത്തി.
ഊര്‍ജരംഗത്ത് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെട്ടുവരുകയാണെന്ന് ബ്രിട്ടനിലെ ഊര്‍ജ-കാലാവസ്ഥാ വ്യതിയാന സെക്രട്ടറി അംബര്‍ റഡ് പറഞ്ഞു. ഈ മേഖലയില്‍ ലോകനിലവാരത്തിലുള്ള ഗവേഷണങ്ങളാണ് ഇരുരാജ്യങ്ങളും പങ്കുവയ്ക്കുന്നത്. ഹരിത-സാമ്പത്തിക-സാങ്കേതിക മേഖലകളില്‍ ബ്രിട്ടന്റെ അനുഭവജ്ഞാനം സുരക്ഷിതവും സുസ്ഥിരവുമായ ഊര്‍ജവിതരണം ലഭ്യമാക്കാനും കാലാവസ്ഥാ വ്യതിയാനമുയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇരുരാജ്യങ്ങളെയും സഹായിക്കും.
പാരിസില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള നീക്കങ്ങളില്‍ നിര്‍ണായകമായിരിക്കുമെന്നും ഇന്ത്യയുമായി സഹകരിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം ആഗോളതാപനം രണ്ടു ഡിഗ്രി കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. സാങ്കേതിക-ശാസ്ത്ര-സാമ്പത്തിക രംഗത്തും നയരൂപീകരണത്തിലുമുള്ള പദ്ധതികള്‍ക്കു വേണ്ടിയാണ് കരാറിലെ തുക ചെലവാക്കുന്നത്. ശുചിത്വ സാങ്കേതികതയ്ക്കും വാതകം, അണുശക്തി എന്നിവയ്ക്കുമുള്ള ബദല്‍ ഊര്‍ജസ്രോതസ്സുകളുടെ ഗവേഷണവും വികസനവും ലക്ഷ്യംവച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതിക്കു പുറമേ ഇന്ത്യയിലെയും ആഫ്രിക്കയിലെയും ഊര്‍ജശേഷി വര്‍ധിപ്പിക്കാനും പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്താനും വേണ്ടി 200 മില്യന്‍ പൗണ്ടും (ഏകദേശം 20,054 കോടി രൂപ) ബ്രിട്ടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആണവസഹകരണ കരാര്‍ ഒപ്പുവച്ചതിനെ നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it