palakkad local

ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണും: മന്ത്രി എം എം മണി

ഷൊര്‍ണൂര്‍: സാധ്യമായ എല്ലാ ചെറുകിട ജലവൈദ്യുത പദ്ധതികളും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം തേടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഷൊര്‍ണ്ണൂരിലെ വൈദ്യുത ഭവനം  ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ആതിരപ്പിള്ളി ഉള്‍പ്പെടെ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് സംസ്ഥാനത്ത് സാധ്യതയില്ല. സോളാര്‍ വൈദ്യുതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. നിലവില്‍ 150 മെഗാവാട്ട് വൈദ്യുതി സോളാറിലൂടെ ലഭിക്കുന്നുണ്ട്. പുതിയ നിര്‍മിതികള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇതിലൂടെ 500 മുതല്‍ 600 വരെ മെഗാവാട്ട് വൈദ്യുതി ലഭിക്കും. ഇത്തരം വസ്തുതകള്‍ കൂടി കണക്കിലെടുത്ത് സംസ്ഥാന ഊര്‍ജ നയം പ്രഖ്യാപിക്കും.
കല്‍ക്കരി നിലയങ്ങള്‍ ഉള്‍പ്പെടെ നിരവധി വൈദ്യുതി നിര്‍മാണ സാധ്യതകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ പ്രയോജനപ്പെടുത്താനാവുന്നില്ല. സംസ്ഥാനത്ത് ആവശ്യമുള്ള വൈദ്യതിയുടെ 30 ശതമാനം മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. കൂടുതല്‍ ഊര്‍ജ ഉല്‍പാദനത്തിന് നാട്ടിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്തതിനാല്‍ വലിയ വിലകൊടുത്ത് പുറമേനിന്ന് വാങ്ങിയാണ് നിലവില്‍ കേരളത്തില്‍ വൈദ്യതി എത്തിക്കുന്നത്. 70 ശതമാനം പണി പൂര്‍ത്തീകരിച്ച പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി നിര്‍ത്തിവച്ചത് നീതീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും യാഥാര്‍ത്ഥ്യ      ബോധത്തോടെയുള്ള നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഷൊര്‍ണൂരില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യതി പ്രസരണ വിതരണരംഗത്തെ മുഴുവന്‍ ഓഫീസുകളും ഇനിമുതല്‍  കുളപ്പുള്ളിയിലുള്ള  ഈ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ കീഴിലുള്ള പട്ടാമ്പി, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട് എന്നീ ഇലക്ട്രിക്കല്‍ ഡിവിഷനുകളിലായുള്ള 27 ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും വൈദ്യുതിയുമായി ബന്ധപ്പെട്ട ഉന്നതതല ആവശ്യങ്ങള്‍ക്ക് പുതിയ വൈദ്യതി ഭവനം പ്രയോജനകരമാകും. 4.25 കോടിരൂപയാണ് നിര്‍മാണ ചെലവ്.
പി കെ ശശി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമന്‍, ഷൊര്‍ണ്ണൂര്‍ നഗരസഭാധ്യക്ഷ വിമല ടീച്ചര്‍, വൈസ്‌ചെയര്‍മാന്‍ ആര്‍ സുകു, വാര്‍ഡ് അംഗം വി എം ഉണ്ണികൃഷ്ണന്‍, കെഎസ്ഇബി ലിമിറ്റഡ് ഡിസ്ട്രിബ്യൂഷന്‍ ആന്റ് ഐ ടി ഡയറക്ടര്‍ പി കുമാരന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജി രാധാകൃഷ്ണന്‍, ചീഫ് എന്‍ജിനീയര്‍ എസ് പരമേശ്വരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it