kasaragod local

ഊരുവിലക്ക് കല്‍പിച്ച കുടുംബം പോലിസ് കാവലില്‍ താമസം തുടങ്ങി

നീലേശ്വരം: പാലം നിര്‍മാണത്തിന് സ്ഥലം വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചതായി ആരോപണമുന്നയിച്ച കുടുംബം പോലിസ് കാവലില്‍ താമസം തുടങ്ങി. സിപിഎം കേന്ദ്രമായ പാലായിലെ രാധയും കുടുംബവുമാണ് പോലിസ് കാവലില്‍ വീട്ടില്‍ താമസം തുടങ്ങിയത്.കയ്യൂര്‍-ചീമേനി പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലായി താങ്കയക്കടവില്‍ പാലം നിര്‍മിക്കാനായി മുഴുവന്‍ ആളുകളും സ്ഥലം വിട്ടു നല്‍കിയെങ്കിലും അങ്കണവാടി വര്‍ക്കറായ രാധയുടെ മകള്‍ ബീനയും സഹോദരിമാരും മാത്രം സ്ഥലംവിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിലൂടെ റോഡ് വെട്ടിയതിലൂടെയാണ് സംഭവം വിവാദമായത്. ഇതോടെ ഈ കുടുംബം ഒറ്റപ്പെട്ട നിലയിലായി. പിന്നീട് താമസവും മാറി. എന്നാല്‍ ഇന്നലെ രാവിലെയാണ് നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തോടൊപ്പം രാധയും മക്കളും പാലായിലെ വീട്ടിലെത്തി താമസം തുടങ്ങിയത്. വനിതാ പോലിസ് ഉള്‍പ്പെടെ ഉള്ള കാവലിലാണ് രാധയും കുടുംബവും കഴിയുന്നത്.
Next Story

RELATED STORIES

Share it