wayanad local

ഊരുല്‍സവങ്ങള്‍ ആരംഭിച്ചു

കല്‍പ്പറ്റ: കുടുംബശ്രീയും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി പട്ടികവര്‍ഗ കുടുംബങ്ങളുടെ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയായ ഊരുല്‍സവം തുടങ്ങി. 12 വകുപ്പുകളെ സംയോജിപ്പിച്ച് സേവനങ്ങളും ആനുകൂല്യങ്ങളും വികസനവും നേരിട്ട് ഊരുകളില്‍ എത്തിയെന്ന് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തിനു തന്നെ മാതൃകയെന്നോണമാണ് ഈ പ്രത്യേക പദ്ധതി കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നത്.
വിവിധ വകുപ്പുകള്‍ വിവിധ പദ്ധതികള്‍ ഊരുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇവ പഞ്ചായത്ത്, മുനിസിപ്പല്‍- വാര്‍ഡ്- ഊരുതലത്തില്‍ ഏകോപിപ്പിക്കുന്നതോടൊപ്പം ജനകീയ ശ്രദ്ധയും ആശ്വാസവും സഹായവും പിന്തുണയും ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍ ചെയര്‍മാനും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനറും വാര്‍ഡ് തലത്തില്‍ മെംബര്‍ ചെയര്‍മാനും എഡിഎസ് പ്രസിഡന്റ് കണ്‍വീനറുമായ കമ്മിറ്റിയാണ് ഊരുല്‍സവ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത്. പരിശീലനം നേടിയ എസ്ടി പ്രമോട്ടര്‍മാര്‍, ആനിമേറ്റര്‍മാര്‍ ഓരോ പ്രദേശത്തെയും ഊരുകളിലെത്തി പദ്ധതിയുടെ ഭാഗമായിയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഊരുല്‍സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളിലെ പരിശീലകരും പരിശീലനം നേടിയവരും ബോധവല്‍ക്കരണ ക്ലാസുകള്‍, കോളനി ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ ക്ലാസുകള്‍, നിര്‍ഭയ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കൂട്ടുകൃഷി രൂപീകരണം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അയല്‍ക്കൂട്ടം, ബാലസഭ, ജാഗ്രതാ സമിതി, സംരംഭങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാക്കല്‍, റേഷന്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് അംഗത്വം, ക്ഷേമ പെന്‍ഷനുകള്‍, ബാങ്ക് അക്കൗണ്ട് സൗകര്യം, വിവിധ തരം കാര്‍ഡുകള്‍, മെച്ചപ്പെട്ട ചികില്‍സാ ക്യാംപ്, വിവിധ തരം സര്‍ട്ടിഫിക്കറ്റുകള്‍, ആനുകുല്യങ്ങള്‍ ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. തുടര്‍പഠന പദ്ധതിയായ വിദ്യാശ്രീ രജിസ്‌ട്രേഷനും നടന്നുവരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികവര്‍ഗ വികസനം, കുടുംബശ്രീ, സാമൂഹികനീതി, ആരോഗ്യം, വിദ്യാഭ്യാസം, പോലിസ്, എക്‌സൈസ്, റവന്യൂ, കൃഷി, ഫോറസ്റ്റ്, സിവില്‍സപ്ലൈസ്, സാക്ഷരത വകുപ്പുകളിലെ വിദഗ്ധര്‍ ക്ലാസെടുക്കാനും ഗോത്രവിഭാഗങ്ങളുടെ പരാതി കേള്‍ക്കാനും സഹായങ്ങള്‍ നേരിട്ട് നല്‍കാനും ഊരിലെത്തുന്നു. ഊരുല്‍സവത്തോടനുബന്ധിച്ച് അയല്‍ക്കൂട്ടം, ബാലസഭ, ജാഗ്രതാസമിതി, നിര്‍ഭയ ഊരുകളില്‍ രൂപീകരിക്കും. അയല്‍ക്കൂട്ടങ്ങളിലൂടെ ശാക്തീകരണവും വിവിധ പദ്ധതികളുടെ നടത്തിപ്പും ഉറപ്പാക്കും. പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 10,000 രൂപ കോര്‍പസ് ഫണ്ട് കുടുംബശ്രീ നിക്ഷേപിക്കും. രജിസ്റ്റര്‍, പാസ്ബുക്ക്, മിനുട്‌സ്, മറ്റ് അനുബന്ധ രേഖകള്‍ സൗജന്യമായി നല്‍കും. എസ്ടി അയല്‍ക്കൂട്ട ഭാരവാഹികള്‍ക്ക് കണക്കെഴുത്ത് പരിശീലനം പ്രത്യേകമായി നല്‍കും.
കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ വള്ളിപ്പറ്റ, കല്ലുവയല്‍, ചീക്കല്ലൂര്‍, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ മംഗലശ്ശേരി, കരിങ്ങാരി, പൊഴുതന ഗ്രാമപ്പഞ്ചായത്തിലെ ഇടിയംവയല്‍, നൂല്‍പ്പുഴയിലെ തിരുവണ്ണൂര്‍, മണ്ണുര്‍കുന്ന് ഊരുകളില്‍ ഊരുല്‍സവം പൂര്‍ത്തിയായി. നാളെ നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ വരിക്കേരി ഊരില്‍ പരിപാടി നടക്കും.
Next Story

RELATED STORIES

Share it