Flash News

ഊരുകളിലെ ശിശുമരണവും നിശ്ശബ്ദ വംശഹത്യയും? '

അട്ടപ്പാടിയില്‍ സംഭവിക്കുന്നത് -4 - പി എച്ച് അഫ്‌സല്‍

അട്ടപ്പാടി ദുരന്തഭൂമിയാണ്. പാരിസ്ഥിതിക തകര്‍ച്ച, ചൂഷണാത്മക പദ്ധതികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയങ്ങള്‍, മനസ്സ് നഷ്ടപ്പെട്ട ബ്യൂറോക്രസി. ഇതെല്ലാം ചേര്‍ന്ന് ചവിട്ടി ഞെരിച്ച ആദിവാസി ജീവിതങ്ങള്‍. പോഷകക്കുറവ് എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കൊടുംപട്ടിണിയും തജ്ജന്യമായ ബാലമരണങ്ങളും കരിമ്പടം പുതച്ച അട്ടപ്പാടിയുടെ ജീവിതത്തിലേക്കും മരണത്തിലേക്കും വെളിച്ചം വീശുന്ന കൃതി.' ഡോ. ബി ഇഖ്ബാല്‍ എഡിറ്റ് ചെയ്ത് ചിന്ത പ്രസാധകര്‍ പ്രസിദ്ധീകരിച്ച 'അട്ടപ്പാടിയില്‍ സംഭവിക്കുന്നത്' എന്ന പുസ്തകത്തിന്റെ പുറംചട്ടയിലെ വാചകങ്ങളാണിത്.
അട്ടപ്പാടിയില്‍ നിശ്ശബ്ദ വംശഹത്യ നടക്കുന്നുണ്ടെന്നു സമര്‍ഥിക്കാനുള്ള ശ്രമമാണ് ഡോ. ഇഖ്ബാല്‍ പുസ്തകത്തിലൂടെ നടത്തുന്നത്. 2013 മെയ് 18 മുതല്‍ 21 വരെ ഇഖ്ബാല്‍ ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ ആറംഗസംഘം അട്ടപ്പാടി സന്ദര്‍ശിച്ചശേഷം ഇത്തരത്തിലൊരു പുസ്തകം തയ്യാറാക്കി. 2012 ജനുവരി മുതല്‍ 2013 മെയ് 28 വരെ അട്ടപ്പാടിയില്‍ 46 ശിശുമരണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് പഠനം നടന്നത്.
ആസൂത്രിതമായിരുന്നു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഗവേഷണമെന്നു സംശയം ഉണര്‍ത്തുന്നു. അട്ടപ്പാടിയുടെ വിശപ്പകറ്റാന്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു. അട്ടപ്പാടിക്കു വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെയെല്ലാം വിദഗ്ധസംഘത്തിന്റെ കണ്ടെത്തലുകള്‍ സ്വാധീനിച്ചു. ആദിവാസിയുടെ വിശപ്പകറ്റുക എന്നതില്‍ കേന്ദ്രീകരിക്കുന്നതായിരുന്നു സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഇതര സംഘടനകളുടെയും പദ്ധതികളെല്ലാം. ഇത്രയും കോടികളുടെ പദ്ധതികള്‍ നടപ്പാക്കിയിട്ടും കഴിഞ്ഞ വര്‍ഷവും അട്ടപ്പാടിയില്‍ 13 ശിശുമരണങ്ങളുണ്ടായി. പട്ടിണിയല്ല അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ കാരണമെന്നതിലേക്ക് വിരല്‍ചൂണ്ടുന്നതാണു കണക്കുകള്‍.
അട്ടപ്പാടിയില്‍ നിശ്ശബ്ദ വംശഹത്യ നടന്നിട്ടുണ്ടെങ്കില്‍ ആരാണ് ഉത്തരവാദി? ചോദ്യങ്ങളെയെല്ലാം മനപ്പൂര്‍വം മറന്നുകൊണ്ടാണ് ഭരണകൂടം പട്ടിണിയെ ആഘോഷിച്ചത്. അട്ടപ്പാടിയിലെ മരണ നിരക്കും ജനന നിരക്കും ഗവേഷണാത്മകമായി വിലയിരുത്താതെയാണ് വിദഗ്ധസംഘം ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. 'അട്ടപ്പാടിയില്‍ നടക്കുന്നത്' എന്ന പേരില്‍ തന്നെ ഇഖ്ബാലിന്റെ വാദങ്ങളെ ചോദ്യംചെയ്ത് ഡോ. എന്‍ വിശ്വനാഥന്‍ മറ്റൊരു ഗവേഷണ റിപോര്‍ട്ടും പ്രസിദ്ധീകരിച്ചു.
അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യയിലുണ്ടായ വര്‍ധന പരിശോധിച്ചാല്‍ തന്നെ നിശ്ശബ്ദ വംശഹത്യ എന്ന വാദം തെറ്റാണെന്നു തെളിയും. സെന്‍സസ് പ്രകാരം 1951ല്‍  ആകെ ജനസംഖ്യ 11300ഉം. അതില്‍ 10,200 ആയിരുന്നു ആദിവാസി ജനസംഖ്യ. അതായത് ആകെ ജനസംഖ്യയുടെ 90.32 ശതമാനം. 1961ല്‍ ആകെ ജനസംഖ്യ 21,461 ആയി ഉയര്‍ന്നപ്പോള്‍ ആദിവാസി ജനസംഖ്യ 12,972 ആയി വര്‍ധിച്ചു. 10 വര്‍ഷംകൊണ്ട് ആദിവാസി ജനസംഖ്യ 2772ഉം ആദിവാസി ഇതര ജനസംഖ്യ 8489 ആയും വര്‍ധിച്ചു. അട്ടപ്പാടിയിലേക്കുള്ള കുടിയേറ്റമാണ് ഇതര ജനസംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്. വര്‍ധനയുടെ കണക്കിലെ കളികളും ശതമാന കണക്കുകളും അടിസ്ഥാനമാക്കിയാണ് പലരും ആദിവാസി ജനസംഖ്യ കുറയുന്നതായും നിശ്ശബ്ദ വംശഹത്യ നടക്കുന്നതായും വാദിച്ചത്.
മധു കൊല്ലപ്പെട്ടതിനു ശേഷം ഒരു ചാനല്‍ ചര്‍ച്ചയില്‍ അട്ടപ്പാടിയില്‍ 200ഓളം ശിശുമരണങ്ങള്‍ നടന്നു എന്ന് ഒരാള്‍ വാദിച്ചു. മറ്റൊരു ചാനലില്‍ ധന്യ രാമന്‍ പറഞ്ഞത് 1961ല്‍ 60,000 ആദിവാസികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 27,000 ആയെന്ന്. ദശവാര്‍ഷിക കാനേഷുമാരി കണക്കുപ്രകാരം അട്ടപ്പാടിയില്‍ 1961ലെ ജനസംഖ്യ 12,972 ഉം ഇപ്പോള്‍ 34,000ഉം ആണ്. സെന്‍സസ് രേഖകള്‍പോലും പരിശോധിക്കാതെ ജനങ്ങളെ വിഡ്ഢികളാക്കുന്ന വാദങ്ങളാണ് പലരും ഉയര്‍ത്തുന്നത്. കോടികള്‍ ചെലവഴിച്ച് റേഷന്‍ സംവിധാനവും കമ്മ്യൂണിറ്റി കിച്ചനും നടപ്പാക്കുമ്പോഴാണ് ആദിവാസി പട്ടിണികിടക്കുകയാണെന്ന വിചിത്ര വാദങ്ങള്‍ ഉയര്‍ത്തുന്നത്.
ആദിവാസിയുടെ വിശപ്പകറ്റാന്‍ സര്‍വ സംഘടനകളും അരിയും പഞ്ചസാരയും ചാക്കിലാക്കി ചുരം കയറുന്ന തിരക്കിലാണിപ്പോള്‍. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ലോറി നിറയെ അരിയും സാധനങ്ങളും നിറച്ച് ഊരുകളിലെത്തി. കലക്കവെള്ളത്തില്‍ താമരവിരിയിക്കാനുള്ള തിരക്കിലാണ് സംഘപരിവാരം. 2,500 ചാക്ക് അരിയും ധാന്യങ്ങളുമാണ് വിവിധ ഊരുകളില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. കേന്ദ്ര തൊഴിലുറപ്പു പദ്ധതി പ്രകാരം മാസങ്ങളായി കൂലി ലഭിക്കാതെ ആദിവാസികള്‍ നെട്ടോട്ടമോടുമ്പോഴാണ് ബിജെപിയുടെ അരിവിതരണ നാടകം. ആദിവാസികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ ലഭ്യമാക്കാതെ, അവര്‍ക്ക് സ്വയംപര്യാപ്തമാവാനുള്ള മാര്‍ഗങ്ങളൊക്കെ അടച്ചുകളഞ്ഞ് ഔദാര്യങ്ങള്‍ക്കു വേണ്ടി കൈനീട്ടുന്നവരാക്കി മാറ്റുകയാണ് രാഷ്ട്രീയപ്പാര്‍ട്ടികളും ഭരണവര്‍ഗവും. എല്ലാ ഊരുകളിലെയും ആദിവാസികള്‍ക്കും തൊഴിലുറപ്പു പദ്ധതിയിലെ വഞ്ചനയെക്കുറിച്ച് പറയാനുണ്ട്. കാര്‍ഷികവൃത്തിയെ തകര്‍ക്കുന്ന തൊഴിലുറപ്പു പദ്ധതിയെ കുറിച്ച്, പണിയെടുത്താലും കൂലി ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിനെ കുറിച്ച്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ കെ ബാലന്‍ ഉള്‍പ്പെടെ സംസ്ഥാന ഭരണനേതൃത്വവും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി എംപി, ശശികല, എം ടി രമേശ് തുടങ്ങി കേന്ദ്രഭരണത്തിന്റെ ഭാഗമായവരും ആദിവാസിയുടെ കണ്ണീരൊപ്പാന്‍ ഊരുകളില്‍ നിരന്നു. ആദിവാസിയുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ സ്പര്‍ശിക്കാതെയാണ് ഇവരെല്ലാം മടങ്ങിയത്. ഭൂമി, കൃഷി, വീട്, ഊര് വികസന പദ്ധതികള്‍, ദത്തെടുക്കല്‍ തുടങ്ങി വാഗ്ദാനങ്ങളുടെ ഒഴുക്കായിരുന്നു ദിവസങ്ങളായി അട്ടപ്പാടിയില്‍. അതേക്കുറിച്ച് നാളെ.

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it