Pathanamthitta local

ഊരിക്കടവ് മാലിന്യകേന്ദ്രം സൗന്ദര്യവല്‍ക്കരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി



ചെങ്ങന്നൂര്‍: എം സി റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ ഊരിക്കടവ് ഭാഗത്തെ മാലിന്യനിക്ഷേപം തടയുന്നതിനും നിരന്തര അപകടമേഖലയായ ഇവിടെ ഇവിടെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ലക്ഷ്യംവച്ചുകൊണ്ടും സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് നടപടി തുടങ്ങി. മുളക്കുഴ ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം സജി തോട്ടിയാട്ടിന്റെ നിര്‍ദ്ദേശപ്രകാരം ഊരിക്കടവ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ചപ്പുചവറുകള്‍ വെട്ടിമാറ്റുകയാണ് ആദ്യപടി. തുടര്‍ന്ന് ഇരിപ്പിടങ്ങളും മറ്റും നിര്‍മ്മിച്ച് വാഹന യാത്രികര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമൊരുക്കും. വിശാലമായ പാടശേഖരങ്ങളുടെ നടുവിലൂടെയാണ് ഊരിക്കടവ് റോഡ് കടന്നുപോകുന്നത്. റോഡിന് മതിയായ വീതിക്കൂടുതലുകള്‍ ഉള്ളതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാനും ഇവിടെ സൗകര്യമുണ്ട്. എന്നാല്‍ വിജനമായ ഈ പ്രദേശം കാടും പടലും പിടിച്ചുകിടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ മാലിന്യനിക്ഷേപം കൂടുതലാണ്. കൈവരിയില്ലാത്ത ഊരിക്കടവ് പാലത്തില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം കക്കൂസ് മാലിന്യവും മറ്റും ഇവിടേക്ക് ഒഴുക്കുന്നതും വ്യാപകമാണ്. ഇതിനെ തടയുന്നതിനുവേണ്ടി ആദ്യമായി പാലത്തിന് കൈവരികള്‍ കെട്ടാനും നിര്‍ദ്ദേശമുണ്ട്. റോഡുവശങ്ങള്‍ വൃത്തിയാക്കുന്നതിന്റെ ആദ്യപടിയായി മുളക്കുഴ ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചുകഴിഞ്ഞു. പ്രദേശത്തെ റസിഡന്റ്‌സ് അസ്സോസിയേഷനുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സജി തോട്ടിയാട്ട് പറഞ്ഞു. സമീപ പ്രദേശങ്ങളില്‍നിന്നുവരെ ഇറച്ചിക്കോഴി മാലിന്യങ്ങളും മറ്റും ഉപേക്ഷിക്കാന്‍ എത്തുന്നത് ഊരിക്കടവ് മേഖലയിലാണ്. എം.സി.റോഡിലെ വാഹന തിരക്കുമൂലം രാത്രികാലങ്ങളില്‍ മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ പിടികൂടാനായിട്ടില്ല. സൗന്ദര്യവല്‍ക്കരണം നടത്തി ഇരിപ്പിടങ്ങളും പൂന്തോട്ടവും മറ്റും ക്രമീകരിച്ചാല്‍ ഇത് തടയാമെന്നും പ്രദേശത്തെ ദുര്‍ഗന്ധ ദുരിതത്തില്‍നിന്ന് രക്ഷിക്കാമെന്നുമാണ് പ്രതീക്ഷ. സമാനമായ രീതിയില്‍ കുളനട പഞ്ചായത്തില്‍ രണ്ടാംപുഞ്ചയില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയതാണ് പദ്ധതിക്ക് പ്രചോദനമായത്.
Next Story

RELATED STORIES

Share it