malappuram local

ഊത്ത പിടിത്തം വ്യാപകം; ഫിഷറീസ് വകുപ്പ് കണ്ടില്ലെന്നു നടിക്കുന്നു

പൊന്നാനി: മല്‍സ്യങ്ങളുടെ പ്രജനന ദേശാന്തരഗമന പാതകളിലുള്ള ഊത്തപ്പിടിത്തം എന്ന പേരിലറിയപ്പെടുന്ന മല്‍സ്യബന്ധനം നിരോധിച്ചിട്ടും വ്യാപകമായി തുടരുന്നു. നിയമം കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. 2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരമാണ് ഇത്തരത്തിലുള്ള മല്‍സ്യബന്ധനം നിരോധിച്ചത്. ശുദ്ധജലങ്ങളിലെ മല്‍സ്യബന്ധനം നടത്തുന്നതിനുള്ള അവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലേലത്തിലൂടെയാണ് സാധാരണ നല്‍കാറുള്ളത്. ലക്ഷങ്ങളുടെ ലാഭമാണ് രണ്ടുമൂന്നു ദിവസം മാത്രമുള്ള ഊത്തപ്പിടിത്തത്തിലൂടെ ലേലമെടുത്തവര്‍ നേടിയെടുക്കുന്നത്. ലേലം പിടിക്കുന്നവര്‍ പരമ്പരാഗതമായി മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ മീന്‍പ്പിടിത്തം ഏല്‍പിക്കുകയാണു ചെയ്യാറ്. ലേലത്തിന്റെ മറവില്‍ ഊത്തപിടിക്കുന്നവരും വ്യാപകമായിട്ടുണ്ട്. ലേലത്തിലൂടെ മല്‍സ്യബന്ധന കരാര്‍ ലഭിച്ചുവെന്നത് ഊത്തപിടിക്കുന്നതിനുള്ള അനുമതിയായാണ് ഇവര്‍ കണക്കാക്കുന്നത്. നിയമപ്രകാരം ഊത്ത പിടിക്കാനേ പാടില്ല എന്നതാണ്.
മീന്‍പിടിക്കുന്നതിനുള്ള അവകാശം ലേലത്തിലൂടെ നേടിയെടുത്താലും ഊത്തപിടിത്തത്തിന് അവകാശമില്ല. ഇത് കാറ്റില്‍ പറത്തിയാണ് മല്‍സ്യങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുന്ന ഊത്തപിടിത്തം വ്യാപകമാവുന്നത്. 2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ ആക്ടിന്റെ അപര്യാപ്തതകള്‍ മൂലം ഇത്തരം മല്‍സ്യബന്ധനത്തിനെതിരേ കര്‍ശനമായ നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നാണു ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. ഇതിനാല്‍തന്നെ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവും ശക്തമാണ്. ശുദ്ധജല മല്‍സ്യബന്ധനം നടത്തുന്നവര്‍ തങ്ങളുടെ വലകള്‍ ജില്ലാ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിയമമുണ്ട്. ജില്ലാ ഫിഷറീസ് ഡയറക്ടറാണ് വല ഉപയോഗിക്കുന്നതിനുള്ള അനുമതി തരുന്നത്. എന്നാല്‍, ബഹുഭൂരിപക്ഷം മല്‍സ്യത്തൊഴിലാളികളും വല രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറിയിട്ടില്ല. ഇത്തരം വലകള്‍ ഉപയോഗിച്ച് മീന്‍പിടിച്ചാല്‍ ഇവ പിടിച്ചെടുക്കാന്‍ ഫിഷറീസ് വകുപ്പിന് അധികാരമുണ്ട്.
എന്നാല്‍, ഫിഷറീസ് വകുപ്പ് ഇതൊന്നും അറിഞ്ഞതായി ഭാവിക്കുന്നേയില്ല. പിടിക്കപ്പെട്ടാല്‍ 15,000 രൂപ പിഴയും രണ്ടാമതും ആവര്‍ത്തിക്കുകയാണെങ്കില്‍ ആറ് മാസം തടവുമാണ് നിയമത്തില്‍ പറയുന്നത്.
Next Story

RELATED STORIES

Share it