Life Style

ഊട്ടി, ഉദുമല്‍പേട്ടവഴി മൂന്നാറുവരെ ഒരു ബസ് യാത്ര

ഊട്ടി, ഉദുമല്‍പേട്ടവഴി മൂന്നാറുവരെ ഒരു ബസ് യാത്ര
X

yasir-ameen-200ചില യാത്രകള്‍ അങ്ങനെയാണ്. സഞ്ചാരി വഴിയെയല്ല, വഴി സഞ്ചാരിയെ തിരഞ്ഞെടുക്കുന്ന യാത്രകള്‍. വഴിതന്നെ ലക്ഷ്യമാവുന്ന ധന്യനിമിഷങ്ങള്‍.. അങ്ങനെയുള്ള ഒരു നിമിഷത്തിലാണ് മേഘമലയിലേക്ക്് ഇറങ്ങിയ ഞങ്ങള്‍ ഊട്ടിക്കപ്പുറം കോടനാട് എത്തിയത്.
നല്ല തണുപ്പുള്ള ജനുവരിയിലെ ഒരു പുലരി. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസില്‍ നില്‍ക്കുകയാണ് ഞങ്ങള്‍. അന്‍സര്‍, റാഷീക്ക, ഇയാസ്, ഞാന്‍.ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതാണ്. മേഘമലയാണ് ലക്ഷ്യം. ബസ് കാത്തുനിന്നപ്പോഴുള്ള സംസാരത്തിനിടയ്ക്ക് ഊട്ടിക്കപ്പുറമുള്ള കൊടഗിരിയെ കുറിച്ച് റാഷീക്ക പറഞ്ഞു. വായനയില്‍ എവിടെയോ തങ്ങിനിന്നതാണ്. നിറയെ വെള്ളച്ചാട്ടങ്ങളും വ്യൂപോയിന്റും കാടും തണുപ്പും നിറഞ്ഞ ഒരു തമിഴ് ഗ്രാമം. മേഘമലയും കൊടഗിരിയും മനസ്സില് സംഘര്‍ഷത്തിലേര്‍പ്പെട്ടു. ആര്‍ക്കോ തോന്നിയ ഒരു കിറുക്കിന് നറുക്കിടാം എന്ന തീരുമാനത്തിലെത്തി. നറുക്കു വീണത് കൊടഗിരിയിലേക്കാണ്. പിന്നീട് താമസിച്ചില്ല, നേരെ കോഴിക്കോട് കെഎസ്ആര്ടിസി സ്റ്റാന്റിലേക്ക്.
ആറുമണിക്കുള്ള ഊട്ടി ബസ്സില്‍ കയറിയിരുന്നു. ഓഫിസിന്റെ മുമ്പിലൂടെ ഈ ബസ് പോവുമ്പോള്‍ ശരീരം തണുക്കാറുണ്ട്. ഒരുപാട് കൊതിച്ചതാണ് ഇതിലെ യാത്ര. ബസ് മെല്ലെ അനങ്ങിത്തുടങ്ങി. സ്്റ്റാന്‍ഡ് പിന്നിലാക്കി ബസ് മുന്നോട്ട് നീങ്ങി. പട്ടണം വിട്ടു, ഗ്രാമങ്ങള്‍ താണ്ടി, ഒരു ചെറിയ ആനക്കുട്ടിയെ പോലെ, ഇരു വശങ്ങളും ബാലന്‍സ് ചെയ്തു ബസ് ഓടികൊണ്ടിരിന്നു. പുറത്തു നല്ല തണുപ്പുണ്ട്.
മഞ്ചേരിയും നിലമ്പൂരും വിട്ട് ബസ് ഇപ്പോള്‍ നാടുകാണിച്ചുരം കയറികൊണ്ടിരിക്കുകയാണ്. പേരറിയാത്ത കിളിയൊച്ചകള്‍ മുളങ്കാടുകള് കടന്നെത്തുന്നുണ്ട്. ബസ്സിലെ സ്റ്റീരിയോയില്‍ നിന്ന് ഉയരുന്ന തമിഴ് ഗാനം അരോചകമായി തോന്നി.


ooty-bus-1


ഒരുമണിയോടടുത്താണ് ഞങ്ങള് ഊട്ടിയിലെത്തിയത്. സ്റ്റാന്‍ഡില്‍ മുഴുവന്‍ പൊടിക്കാറ്റ് അടിച്ചുവീശുന്നു. ശരീരത്തിനും മനസ്സിനും പൊരുത്തപെടാന് കഴിയാത്തൊരു കാലാവസ്ഥയായിരുന്നു ഊട്ടിക്ക്. നല്ല തണുപ്പുണ്ട്. എല്ലാവരും മുഖം മൂടിയാണ് നടക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ മുടിയെല്ലാം എണീറ്റുനില്‍ക്കുന്നത് പോലെ. എത്ര ഒതുക്കിവച്ചിട്ടും ശരിയാവുന്നില്ല. പെണ്‍കുട്ടികള്‍, കടുംച്ചുവപ്പ്് ലിപ്സ്റ്റിക്കിട്ട് ചുണ്ടുകളെ കാലാവസ്ഥയില് നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്്. ആകെ ഒരു വരണ്ട കാലാവസ്ഥയായിരുന്നു ഊട്ടിക്ക്. ഞങ്ങള്‍ നേരെ കംഫര്ട്ട് സ്‌റ്റേഷനില് പോയി ഫ്രഷായ ശേഷം ഒരു ഹോട്ടല്‍ തേടി സ്റ്റാന്‍ഡിന് പുറത്തിറങ്ങി. പൊടിക്കാറ്റില് നിന്ന് രക്ഷപെടുക എന്നതായിരുന്നു പരമമായ ലക്ഷ്യം.


വിശപ്പു മാറ്റിയതിന് ശേഷം കൊടഗിരി ബസ് അന്വേഷിച്ചു. അല്‍പ്പം സമയത്തിന് ശേഷം ബസ് വന്നു. പിറക് സീറ്റിലാണ് ഞങ്ങള്‍ ഇരുന്നത്. ബസ് നീങ്ങി തുടങ്ങി. അല്‍പ്പം ദൂരം പിന്നിട്ടപ്പോള്‍് ബസ്സില് തിരക്ക് കൂടി കൂടി വന്നു. ഞങ്ങളുടെ മടിയിലിരിന്നിരുന്ന ബാഗിനു മുകളിലായി വീണ്ടും ബാഗുകള്‍ പ്രത്യക്ഷപ്പെട്ടു. ആടി ആടി യാത്ര തുടര്‍ന്നു. ചുറ്റും തേയില തോട്ടമാണ് ഇപ്പോള്‍ കാണുന്നത്. തോട്ടങ്ങള്‍ക്കു നടുവിലായി പല നിറങ്ങളിലുള്ള ഷീറ്റ്് കൊണ്ടു മേഞ്ഞ കോളനികള്‍. ചുവപ്പ് കവര്‍ പുതച്ച് തേയില നുള്ളുന്ന തോട്ടംതൊഴിലാളികളുടെ ദൃശ്യം യാത്രയ്ക്കവസാനവും മങ്ങിയിരുന്നില്ല. കാടും പുല്‍മേടും താണ്ടി ഏകദേശം 2 മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കൊടഗിരിയിലെത്തി. അപ്പോഴും തണുപ്പിന് കാര്യമായ കുറവുണ്ടായിരുന്നില്ല. എളുപ്പത്തില്‍ എത്തിപെടാന് കഴിയുന്ന ടൂറിസ്റ്റ് സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് കോടനാടിനെ കുറിച്ചാണ്. പിന്നീട് കോടനാട് എത്താന് അധികം താമസ്സിച്ചല്ല. ഏകദേശം അരമണിക്കൂര്‍് യാത്രകൊണ്ട് ഞങ്ങള്‍ കോടനാട് എത്തി. വ്യൂ പോയിന്റാണ് ബസ് കിതപ്പൊതുക്കുന്ന സ്ഥലം. അവിടുന്ന തിരിഞ്ഞു വീണ്ടു കൊടഗിരിയിലേക്ക് ഓടും. വ്യൂ പോയിന്റ് എത്തിയപ്പോള്‍ ബസ്സില് ഞങ്ങള്‍ മാത്രം അവശേഷിച്ചു. റോഡിന് ഇരു വശവും വലിയ ശിഖരങ്ങള്‍ വിടര്‍ത്തി മരങ്ങള്‍ പന്തലിച്ചു നില്‍ക്കുന്നു. റോഡിന് നടുവില്‍ തടംകെട്ടി സംരക്ഷിച്ച ഒരു പൂമരം നില്‍ക്കുന്നുണ്ട്.  ചെറിയ മഞ്ഞ പൂക്കള്‍ റോഡില്‍ പരന്നുകിടക്കുന്നു. ഈ മരത്തെ ചുറ്റിയാണ് ബസ് തിരിക്കുന്നത്. ബസ്സിറങ്ങി ഞങ്ങള്‍ വ്യൂപോയിന്റിലേക്ക് നടന്നു. പാറവെട്ടിയുണ്ടാക്കിയ സ്‌റ്റെപ്പിലൂടെയാണ് താഴേക്ക് ഇറങ്ങേണ്ടത്. വ്യൂ പോയിന്റിന്റെ അങ്ങേഅറ്റത് ചിലര്‍ നില്‍ക്കുന്നുണ്ട്. അന്തരീക്ഷം കോടമൂടിയിരിക്കുന്നു. പച്ചപ്പണിഞ്ഞ മലകള്‍ മഞ്ഞില് കുളിച്ചു നില്‍ക്കുന്നു. കണ്ണെത്താദൂരം മലകള്‍ കൈകോര്‍ത്തു നില്‍ക്കുന്നു. ശരീരം വിറയ്ക്കാന് തുടങ്ങി. മഞ്ഞിനു പുറമെ കാറ്റുമുണ്ട്. സ്വെറ്റെര്‍് ഇട്ടിട്ടും തണുപ്പ് എല്ലില് തട്ടി പുറത്തേക്ക്് വരുന്നു. ഈ മലഞ്ചെരുവിനപ്പുറമാണ് തമിഴ്‌നാട്ടുകാര്‍ അമ്മയെന്ന് വിളിക്കുന്ന മുഖ്യമന്ത്രി ജയലളിതയുടെ റെസ്റ്റ് ഹൗസ്. സംരക്ഷണവേലിയില്‍ പിടിച്ചു ഒരുപാടു നേരം അവിടെ നിന്നു. സൂര്യന് അസ്ഥമിക്കാനായിരിക്കുന്നു. മാനം ചുവന്നു. തലയെടുപ്പുള്ളൊരു മലയുടെ പിറകില്‍ സൂര്യന്  മെല്ലെ ഒളിച്ചു. പതിയെ അവിടെയാകെ ഇരുട്ടു പരന്നു. അപ്പോഴേക്കും ഗാര്‍ഡ് വന്നു. ഇനി ഇവിടെ നില്‍ക്കാനാവിലെന്ന് അറിയിച്ചു.


ഞങ്ങള്‍ തിരിച്ചു നടന്നു. റോഡിന്റെ അറ്റത്തുള്ള ടീ ഷോപ്പില് ചൂടോടെ ഒരു കാപ്പി അകത്താക്കി.


അപ്പോഴേക്കും ബസ് വന്നു. വ്യൂപോയിന്റില് നിന്ന് ഞങ്ങള്‍ മാത്രമാണ് കയറിയത്. ബസ് നീങ്ങി. പതിയെ ബസ്സില്‍ ആളുകള്‍ നിറയാന് തുടങ്ങി. അകലങ്ങളില്‍ കാണുന്ന വൈദ്യൂത വെളിച്ചം മിന്നാമിന്നികളെപോലെ തോന്നിച്ചു. എട്ട് മണിയോടെ ഞങ്ങള്‍ കൊടഗിരിയെത്തി. ഇനി വേണ്ടത് താമസസ്ഥലമാണ്. തണുപ്പ് സഹിക്കുന്നതിലും അപ്പുറമായി. വൈകീട്ട് ചായകുടിച്ച ഒരു മലയാളിയുടെ കടയില്‍ പോയി താമസസ്ഥലത്തെ കുറിച്ച് അന്വേഷിച്ചു. പുള്ളി ഒരു മലയാളിയുടെ ലോഡ്ജില് ഞങ്ങളെ എത്തിച്ചു. പത്തനംത്തിട്ട സ്വദേശിയാണ് ലോഡ്ജിന്റെ ഓണര്‍. റൂമില്‍ കയറിയതും എല്ലാവരും മൂടിപ്പുതച്ചു കിടന്നു. അല്‍പ്പം ആശ്വാസം തോന്നിയ ശേഷമാണ് ഭക്ഷണം കഴിക്കാന് പുറത്തുപോയത്.


അടുത്ത ദിവസം അതിരാവിലെ ഊട്ടിയിലേക്ക് കയറി. ടോയ് ട്രെയ്‌നില്‍ മേട്ടുപ്പാളയത്തേക്ക് പോവുകയെന്നാണ് ഇന്നത്തെ ടാര്‍ഗറ്റ്. ഊട്ടിയിലെത്തി ട്രെയ്‌നിനെ കുറിച്ചു അന്വേഷിച്ചു. ഇനി മൂന്നുമണിയ്ക്കാണ് ട്രെയന്‍. റിസര്‍വേഷന്‍ ഫുള്ളാണ്, ലോക്കല്‍ വേണ്ടമെങ്കില്‍ കിട്ടും. മൂന്നു മണിവരെ ഊട്ടിയിലൂടെ  അലഞ്ഞു.  രണ്ടുമണിയോട് കൂടി സ്‌റ്റേഷനില് തിരിച്ചുവന്നു ലോക്കല്‍ ടിക്കറ്റെടുത്തു. ടിക്കറ്റ് ചെക്ക് ചെയ്തതും വരിയില്‍ നിര്ത്തിയതുമെല്ലാം ഒരു മലയാളി ഓഫിസറാണ്. ഏകദേശം മൂന്നുമണിയോട് അടുത്ത് ടോയ് ട്രെയ്ന്‍് വന്നു. ആരോ ചാവികൊടുത്തു വിട്ടൊരു കളിപ്പാട്ടം പോലെ മെല്ലെ പുകതുപ്പി ഒരു കുഞ്ഞു ട്രെയ്ന്‍ അടുത്തടുത്ത് വന്നു. സ്വദേശികളേക്കാള്‍ വിദേശികളാണ് യാത്രയ്ക്കാര്‍. വരിയനുസരിച്ച് ഞങ്ങള്‍ കയറിയിരിരുന്നു. ബോഗിയുടെ 90 ശതമാനവും ചില്ലാണ്. അതുകൊണ്ടു വിന്‌ഡോ സീറ്റിന് വേണ്ടിയുള്ള അടിപിടി കുറഞ്ഞു. ട്രെയിന്‍ നീങ്ങി തുടങ്ങി. റെയില്‍വേ സ്‌റ്റേഷനും അടുത്തുള്ള കോളനിയും താണ്ടി മെല്ലെ മെല്ലെ കുഞ്ഞു ട്രെയ്ന്‍ മലകയറാന്‍ തുടങ്ങി.


toy-train-3 toy-train1


toy-train2


അഞ്ച് മൗണ്ടയ്‌ന് റെയില്‍വേകളാണ് ഇന്ത്യയിലുള്ളത്. ഒന്നാം സ്ഥാനം ഹിമാലയന്‍ മലനിരകളിലൂടെ കുതിക്കുന്ന ഡാര്‍ലിജിങ് ഹിമാലയന്‍  തീവണ്ടികളാണ്. പിന്നെ നമ്മുടെ നീലഗിരി തീവണ്ടികളും. നീലഗിരി മലനിരകളിലൂടെ ഈ തീവണ്ടിയില്‍ ഒരിക്കലെങ്കിലും യാത്രചെയ്യണം.. പൂക്കള്‍ മാത്രം വിരിഞ്ഞു നില്‍ക്കുന്ന കാടിനോരത്തുകൂടിയാണ് ഇപ്പോള്‍ കുഞ്ഞു തീവണ്ടി നീങ്ങികൊണ്ടിരിക്കുന്നത്. കാടും കാട്ടുചോലകളും പിന്നിട്ട് വണ്ടി കൂനൂര്‍ എത്തി. പത്ത് മിനിറ്റോളം ഇവിടെ നിര്‍ത്തും. ഞങ്ങള്‍ പുറത്തിറങ്ങി ടീ ഷോപ്പില്‍ നിന്ന് കാപ്പി കൂടിച്ചു.


kunoor,-mettupalayam


അപ്പോഴാണ് ഒരു തരം പച്ചപ്പിന്റെ ഗന്ധം തലച്ചോറിനെ ഭ്രമിപ്പിച്ചത്. ചുറ്റും നോക്കിയപ്പോള്‍ ഒരു ബോഗിയില്‍ നിന്ന് ഒരു തരം ചെടി കെട്ടുകളായി ഇറയ്ക്കുന്നു. ആര്‍ക്കും അത് എന്താണെന്ന് മനസ്സിലായില്ല. ഒടുവില്‍ റാഷീക്കയാണ് ഉത്തരം കണ്ടെത്തിയത്. ബൊക്കയും മറ്റും നിര്‍മിക്കാനായ് ഉപയോഗിക്കുന്ന ഒരു തരം ഫാന്‍സി ചെടിയാണെന്ന്.


കൂനൂരില്‍ നിന്ന് വണ്ടി പിന്നിട്ടു. പിന്നീട് വെള്ളച്ചാട്ടങ്ങളും കൊങ്കണ്‍ പാതകളുമാണ് മനം നിറച്ച കാഴ്ച്ചകള്‍. പല സ്‌റ്റേഷനുകളും പിന്നീട്ട് ഏകദേശം 5 മണിയോടെ ഞങ്ങള്‍ മേട്ടുപ്പാളയത്ത് എത്തി. ഊട്ടിയില്‍ നിന്ന് ധരിച്ച സ്വെറ്റര്‍ ചൂടുല്‍പ്പാദിപ്പിക്കുന്ന വസ്ത്രമായി മാറിയിരുന്നു അപ്പോഴേക്കും. നേരെ സറ്റാന്റിലേക്ക് പോയി. അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് ബസ് കയറി. പൊങ്കല്‍ തലേന്ന് ആയത് കൊണ്ട് ബസ്സിലെല്ലാം തിരക്കായിരുന്നു. താളത്തില്‍ പൊങ്ങിത്താഴുത്ത തമിഴ് സംസാരം ബസ് നിറയെ. കരിമ്പും മലരും ആളുകളുടെ തലയ്ക്കു മുകളില്‍.. അല്പ്പം കഷ്ടപ്പെട്ടാണ് കോയമ്പത്തൂര്‍ എത്തിയത്. ഇനി പോകേണ്ടത് ഉദുമല്‍പേട്ടയിലേക്കാണ്. സ്റ്റാന്റില്‍ അല്‍പ്പം കാത്തുനിന്നപ്പോഴേക്കും ബസ് വന്നു. പിറകിലെ രണ്ടു സീറ്റിലായി ഞങ്ങള്‍ സ്ഥാനമുറപ്പിച്ചു. ബസ് നീങ്ങിതുടങ്ങി പൊള്ളാച്ചി വഴിയാണ് ബസ് പോവുന്നത്. അത്‌കൊണ്ട് തന്നെ ബസ്സില്‍ നല്ല തിരക്കായിരുന്നു. അധികം സ്ത്രീകളും ചുവയ്പ്പു വസ്ത്രമാണ് ധരിച്ചിരുന്നത്. പുറകിലെ ഡോറിന്റെ സ്‌റ്റെപ്പിലായി കുറച്ചു പിള്ളേര് ഇരിന്നിരുന്നു. കോയമ്പത്തൂരിലെ ഏതോ പച്ചക്കറിക്കടയില് ജോലി ചെയ്യാണെന്നും പൊങ്കലായത് കൊണ്ട് നാടായ പൊള്ളാച്ചിയിലേക്ക് പോവാണെന്നും അവരുടെ ഉച്ചത്തിലുള്ള സംസാരിത്തില്‍ നിന്ന് മനസിലായി.


ബസ്സിലെ സ്റ്റീരിയോ ഓണായിരുന്നു. നല്ല തമിഴ് ക്ലാസിക്ക് പാട്ടും പുറത്തെ കാറ്റാടി പാടത്ത് തെളിയുന്ന ലൈറ്റ,ും യാത്രയും മനസിനെ ഉന്മാദാവസ്ഥയില്‍ എത്തിച്ചിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. തമിഴിലെ അധിഭീകരത്തെറിയാണ് ഉച്ചത്തില്‍ കേട്ടത് കൂടെ മുഖത്തടിക്കുന്ന ഉഗ്രന് ശബ്ദവും.


പുറക് സീറ്റിലിരിക്കുന്ന ഒരാളുടെ കാല്‍ ഈ സ്‌റ്റെപ്പിലിരിക്കുന്നവന്റെ പുറത്ത് കൊണ്ടതാണ് പ്രശ്‌നം. നീ ഏത് ഊരടാ എന്ന് ചോദിച്ചാണ് അടി. ഉടനെ ആളുകള്‍കൂടി പിടിച്ചു മാറ്റുന്നതിന് പകരം എല്ലാവരുകൂടെ അയാളെ അടിക്കാനാണ് തുനിഞ്ഞത്. ആദ്യം ഒന്നും മനസ്സിലായില്ല, പിന്നീടാണ് മനസ്സിലായത് അവന് ഏതോ പുറന്നാട്ടുകാരനാണെന്നും ഇവര്‍ക്കെതിരേ തിരിച്ചു പറഞ്ഞപ്പോഴാണ് ആളുകള്‍ കൂടിയതും അയാളെ തെന്നും.


ഉടനെത്തനെ അയാളെ കണ്ടക്ടര്‍ ഇറക്കി വിട്ടു പ്രശ്‌നം അവസാനിപ്പിച്ചു. രാത്രി വളരെ വൈകിയാണ് ഉദുമല്‍പേട്ട എത്തിയ്ത്. സ്റ്റാന്റിന് അടുത്തുള്ള ലോഡ്ജില് തന്നെ മുറിയെടുത്തു ആ ദിവസത്തെ അവസാനിപ്പിച്ചു.


രാവിലെ ആറുമണിക്ക് ഉദുമല്‍പേട്ടയില്‍ നിന്ന് മൂന്നാറിലേക്ക് ഒരു ബസ് ഉണ്ട്. ആ ബസ് ലക്ഷ്യംവച്ചാണ് എല്ലാവരും റെഡിയായത്. ഫ്രഷായി പുറത്ത് ഇറങ്ങിയപ്പോ ഒടുക്കത്തെ പൊടിക്കാറ്റ്. വായ് മുടികെട്ടിയിട്ടും മണ്ണു ചുവയ്ക്കുന്നുണ്ട്.


കഷ്ടപെട്ട് ഒരു ചായയും അകത്താക്കി ഞങ്ങള്‍ സ്റ്റാന്ഡിലെത്തി. മൂന്നാര്‍് എന്ന ബോര്ഡ് വച്ച ബസ് കിടപ്പുണ്ട്. പക്ഷെ ഒടുക്കത്തെ തിരയ്ക്കാണ്. ഇനി ബസ് എട്ടു മണിക്കെയുള്ളു. അമരാവതി പുഴ ചാലിട്ടൊഴുകുന്ന റിസര്‍വ്ഡ് ഫോറസ്റ്റിലൂടെയാണ് യാത്ര ചിന്നാറും മറയൂരും കടന്നു വേണം മൂന്നാറിലെത്താന്‍. തിരക്കി പോയാല്‍ അനുഭൂതി നഷ്ടമാവും. എല്ലാവരും ഒരേ സ്വരത്തില് പറഞ്ഞു അടുത്ത ബസ്സില് പോകാം.


ആറുമണിമുതല്‍ എട്ടു വരെ സ്റ്റാന്റില്‍ ഇരുന്നും കറങ്ങിയും സമയം പോക്കി. എകദേശം ഏഴരയോടെ ബസ് വന്നു. ചാടിക്കേറി സീറ്റ് പിടിച്ചു. എട്ടു മണിയോടെ യാത്ര തുടങ്ങി. നാല് മണിക്കൂറോളമാണ് യാത്ര. മാണുപ്പാട്ടി പിന്നിട്ടതോടെ ബസ് കാട്ടിലേക്ക് പ്രവേശിച്ചു. ഇരുണ്ട കാട്. കുറെ ചുരങ്ങളും ഇടുങ്ങിയ റോഡുമായി വല്ലാത്തൊരു അനുഭൂതിയാണ്.
to-munnar-2


to-munnar-3
എതിരേ വാഹനം വരുമ്പോള്‍ പിറകോട്ട് എടുത്തിട്ട് വേണം സൈഡ് കൊടുക്കാന്‍. ചുരം കഴിഞ്ഞ് ബസ് റിസര്‍വ്ഡ് ഫോറസറ്റിലേക്ക് പ്രവേശിച്ചു. ചുറ്റും തിരിഞ്ഞും മറിഞ്ഞും നോക്കിയെങ്കിലും മൃഗങ്ങളെയൊന്നും കാണാനായില്ല.


to-munnarഏകദേശം പന്ത്രണ്ട് മണിയോട് കൂടി ഞങ്ങള് മൂന്നാറില് എത്തി. ഒരുപകല്‍ മൂന്നാറില്‍ ചിലവഴിച്ച് രാത്രി നേരെ കോഴിക്കോട്ടേക്ക് ബസ് കയറി. മേഘമലയിലേക്കുള്ള യാത്ര പിന്നേയും ബാക്കി...





Next Story

RELATED STORIES

Share it