Flash News

ഊടും പാവും തകര്‍ന്ന് കൈത്തറി



ബഷീര്‍  പാമ്പുരുത്തി

പരമ്പരാഗത തൊഴില്‍ മേഖലയില്‍ സുപ്രധാനമായതും സംരക്ഷിക്കപ്പെടേണ്ടതുമായ തൊഴിലിനമായ കൈത്തറിയുടെ ഊടും പാവും തകര്‍ക്കുകയാണ് മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനം. കാലങ്ങളായി പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കൈത്തറി മേഖലയില്‍ നോട്ടു നിരോധനം 5 മുതല്‍ 12 ശതമാനം വരെ ഇടിവുണ്ടാക്കിയതായി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സിഐടിയു നേതാവുമായ അരക്കന്‍ ബാലന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെ കൈത്തറി മേളയി ല്‍ 5 ശതമാനം കുറച്ചാണ് നല്‍കിയത്. ഇതിനൊപ്പം 12 ശതമാനം ജിഎസ്ടി കൂടിയായതോടെ കൈത്തറി മേഖല കൂപ്പുകുത്തുകയാണ്. നാലു കോടി വരെ വാ ര്‍ഷിക വിറ്റുവരവ് ഉണ്ടായിരുന്ന സംഘങ്ങളുണ്ട്. ഇവര്‍ക്കെല്ലാം കനത്ത ആഘാതമാണ് നോട്ടു നിരോധനം ന ല്‍കിയത്. സ്‌കൂള്‍ യൂനിഫോം പദ്ധതിയെ പോലും പ്രതികൂലമായി ബാധിക്കുന്നു. തൊഴില്‍ ലാഭകരമല്ലാതായതോടെ കൈത്തറി സഹകരണ സംഘങ്ങളും അടച്ചുപൂട്ടുകയാണ്. നോട്ടു നിരോധനത്തിനു ശേഷം തന്നെ അഞ്ചോ ആറോ എണ്ണം അടച്ചുപൂട്ടി. ഇവയിലെല്ലാം 250 മുതല്‍ 300 വരെ പ്രത്യക്ഷ തൊഴിലാളികളുണ്ടായിരുന്നു. മുന്‍കാലത്ത് 360 തൊഴിലാളികളുണ്ടായിരുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ 200ല്‍ താഴെയായി. പരോക്ഷമായി തൊഴിലെടുക്കുന്നവരിലും ഇതിനേക്കാള്‍ ഇടിവുണ്ടായി. നോട്ടു നിരോധനം സമ്പൂര്‍ണമായും കൈത്തറിയെ തുടച്ചുനീക്കുന്നതിലേക്കാണ് എത്തിക്കുന്നതെന്ന് കേരള കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിനായി 2010ല്‍ നിയോഗിക്കപ്പെട്ട പഠനസമിതി ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് 755 സഹകരണ സംഘങ്ങളാണ്. ഇതില്‍ 400ല്‍ താഴെ മാത്രമാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സ്വകാര്യ നെയ്ത്തുശാലകളിലും ഹാന്‍വീവിനു കീഴിലും ഒറ്റത്തറികളിലുമായി വേറെയും 14 ശതമാനം നെയ്ത്തുമേഖലകളുമുണ്ട്. 1980 കളില്‍ ഒരു വ്യവസായത്തിലെ ഉല്‍പന്നം മാര്‍ക്കറ്റില്‍ ഇറക്കിയാല്‍ മൊത്തം സംഖ്യയുടെ 30 ശതമാനം തൊഴിലാളിക്ക് കൂലിയായി കിട്ടിയിരുന്നു. എന്നാല്‍, ഇപ്പോഴിത് 5 മുതല്‍ 9.5 ശതമാനം വരെയാണ്. അതേസമയം, മുതലാളിയുടെ ലാഭവിഹിതം കൂടുകയാണ്. നൂല്‍, ചായം, കെമിക്കല്‍സ് എന്നിവ ന്യായവിലയ്ക്ക് ലഭിക്കാതായതോടെയാണ് മേഖല പ്രതിസന്ധിയിലായത്. ഇപ്പോള്‍ നോട്ടു നിരോധനവും ചരക്കുസേവന നികുതിയുമെല്ലാം അടിച്ചേല്‍പിക്കപ്പെട്ടതോടെ കേരളത്തിലെ പരമ്പരാഗത വ്യവസായമായ കൈത്തറി ഊര്‍ധ്വശ്വാസം വലിക്കുന്നു. ഒരു ഘട്ടത്തില്‍ 3,50,000 തൊഴിലാളികളും കുടുംബവും ജീവിതം നെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ പോലുമില്ലാത്ത അവസ്ഥയാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ കാരണം കുറഞ്ഞ കൂലി, നികുതി വെട്ടിപ്പ് എന്നിവ വര്‍ധിക്കുകയാണ് ചെയ്തത്.
Next Story

RELATED STORIES

Share it