World

ഉ. കൊറിയയുടെ ഇന്ധന ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തും

ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്കെതിരേ ഉപരോധം ശക്തമാക്കണമെന്നാവശ്യപ്പെട്ടു യുഎന്‍ രക്ഷാസമിതിയില്‍ യുഎസ് പ്രമേയം അവതരിപ്പിച്ചു. ഉത്തര കൊറിയയിലേക്കുള്ള പെട്രോള്‍ ഇറക്കുമതിക്ക് 90 ശതമാനം ഉപരോധം ഏര്‍പ്പെടുത്തുക, വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഉത്തര കൊറിയക്കാരെ തിരിച്ചയക്കുക എന്നീ ആവശ്യങ്ങളാണ് യുഎസ് മുന്നോട്ടുവച്ചത്. പ്രമേയത്തിന്‍മേല്‍ രക്ഷാസമിതിയില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. പ്രമേയം പാസായാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ഉത്തര കൊറിയക്കാര്‍ രണ്ടു വര്‍ഷത്തിനകം തിരിച്ചുപോവേണ്ടി വരും. എന്നാല്‍, പ്രമേയത്തെ  രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന അനുകൂലിക്കുമോ എന്നു വ്യക്തമല്ല. ഉത്തര കൊറിയയിലേക്ക് ഒരു വര്‍ഷം രണ്ടു ദശലക്ഷം ബാരലിലധികം പെട്രോള്‍ കയറ്റുമതി ചെയ്യുന്നതിനു രക്ഷാസമിതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, യുഎസിന്റെ പുതിയ പ്രമേയം പാസായാല്‍ ഇത് അഞ്ചുലക്ഷത്തിലധികം ബാരലായി കുറയും. ഉത്തര കൊറിയയില്‍ നിന്നു ഭക്ഷ്യ ഉല്‍പന്നങ്ങളടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തും. യുഎന്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും നവംബര്‍ 29ന് ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളുമായി യുഎന്‍ മുന്നോട്ടു നീങ്ങുന്നത്. ഇതിനു മുന്നോടിയായി ചൈനയെ അനുനയിപ്പിക്കാന്‍ യുഎസ് ശ്രമം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it