Flash News

ഉസ്മ പാകിസ്താനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി



ന്യൂഡല്‍ഹി/ലാഹോര്‍: പാക് പൗരന്‍ തോക്ക് ചൂണ്ടി വിവാഹം ചെയ്‌തെന്ന് ആരോപിച്ച ഉസ്മ എന്ന യുവതി ഇന്ത്യയിലെത്തി. വാഗാ അതിര്‍ത്തി വഴിയാണ് ഉസ്മ ഇന്ത്യയിലെത്തിയത്. ഉസ്മ അഹ്മദിനെ ഇന്ത്യയുടെ പുത്രി എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവരെ സ്വദേശത്തേക്ക് സ്വാഗതം ചെയ്തു. ഡല്‍ഹി സ്വദേശിയായ ഉസ്മയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബുധനാഴ്ചയാണ് ഇസ്‌ലാമാബാദ് കോടതി അനുമതി നല്‍കിയത്. ഉസ്മയുമായി സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുകയുണ്ടായില്ല. ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഉസ്മ അതിര്‍ത്തി കടന്നത്. ഉസ്മ ഇത്രയും പെട്ടെന്ന് നാട്ടില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സഹോദരന്‍ വസീം അഹ്മദ് പറഞ്ഞു. യഥാര്‍ഥത്തില്‍ ഉസ്മക്കെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സഹോദരിയെ നേരിട്ട് കണ്ടാലേ കാര്യങ്ങള്‍ അറിയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ പൗരന്‍ താഹിര്‍ അലി ഈമാസം മൂന്നിന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തന്നെ വിവാഹം കഴിച്ചതെന്നും തന്റെ യാത്രാരേഖകള്‍ കൈവശം വച്ചിരിക്കുകയാണെന്നുമായിരുന്നു ഉസ്മ പരാതിയില്‍ പറഞ്ഞത്. വിവാഹത്തിനു ശേഷം ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അവര്‍ അഭയം തേടിയിരുന്നു. ആദ്യ വിവാഹത്തിലെ മകളെ കാണാന്‍ ഇന്ത്യയിലേക്കു മടങ്ങണമെന്നു അവര്‍ അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it