'ഉശിര്' പോരാട്ടത്തിനു പിന്തുണയുമായി എന്‍സിഎച്ച്ആര്‍ഒ

കെ സനൂപ്

പാലക്കാട്: തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദേശമദ്യശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി ആനക്കട്ടി ജങ്ഷനില്‍ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി എന്‍സിഎച്ച്ആര്‍ഒ.
അതിര്‍ത്തിയിലെ തമിഴ്‌നാട് മദ്യവില്‍പ്പനശാലകളില്‍ നിന്നു മദ്യപിച്ചെത്തുന്ന ആദിവാസി പുരുഷന്‍ അകാലമൃത്യുവിന് ഇരയാകുന്ന സാഹചര്യത്തിലാണ് വീട്ടമ്മമാരുടെ സമരം. തായ്ക്കുലസംഘം നേതൃത്വം നല്‍കുന്ന 'ഉശിര്' സമരത്തിന് പിന്തുണയുമായാണ് എന്‍സിഎച്ച്ആര്‍ഒ എത്തിയത്. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, കവയത്രി ശകുന്തള ടീച്ചര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഒ എച്ച് ഖലീല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചത്.
കഴിഞ്ഞമാസം 17ന് ആരംഭിച്ച സമരം റിലേ നിരാഹാരത്തിലെത്തിയിട്ടും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നിരുത്തരവാദിത്വത്തില്‍ എന്‍സിഎച്ച്ആര്‍ഒ പ്രതിഷേധിച്ചു. വിദേശമദ്യവില്‍പ്പനശാലകളും സ്വകാര്യ ബാറും അടച്ചുപൂട്ടാന്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു. വിദേശമദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുംവരെ സമരത്തിനു പിന്തുണയുമായി എന്‍സിഎച്ച്ആര്‍ഒ രംഗത്തുണ്ടാവുമെന്നു സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it