thrissur local

ഉഴിഞ്ഞാല്‍പാടത്ത് വെള്ളം കയറി ഏഴ് ഏക്കര്‍ നെല്‍കൃഷി നശിക്കുന്നു

പുതുക്കാട്: പുതുക്കാട് ഉഴിഞ്ഞാല്‍പാടത്ത് വെള്ളം കയറി ഏഴ് ഏക്കര്‍ നെല്‍കൃഷി നശിക്കുന്നു. മാഞ്ഞാംകുഴി ഡാമിന്റെ ഷട്ടര്‍ താഴ്ത്തിയതാണ് പാടത്ത് വെള്ളം കയറാന്‍ കാരണം. മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ ഷട്ടര്‍ താഴ്ത്തിയതും പാടത്ത് കെട്ടികിടക്കുന്ന മഴവെള്ളം തുറന്നുകളയാന്‍ വഴിയില്ലാത്തതുമാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. വിളവെടുപ്പിന് പാകമായ കതിരുകള്‍ വെള്ളത്തില്‍ വീണ് കിടക്കുകയാണ്.രണ്ടു ദിവസം കൂടി ഈ സ്ഥിതി തുടര്‍ന്നാല്‍ നെല്ല് മുളക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
മാഞ്ഞാംകുഴി ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ട് നെല്‍കൃഷി സംരക്ഷിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും ഇറിഗേഷന്‍ അധികൃതരും പഞ്ചായത്തും വേണ്ട നടപടികള്‍ എടുത്തില്ലെന്ന ആക്ഷേപമുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരാമെന്ന് വാഗ്ദാനം നല്‍കി പഞ്ചായത്ത് അധികൃതരും കൃഷി വകുപ്പും ചേര്‍ന്ന് വിത്തിറക്കി ഉദ്ഘാടനം ചെയ്ത നെല്‍കൃഷിയാണ് വെള്ളം കയറി നാശത്തിന്റെ വക്കിലായതെന്ന് കര്‍ഷകനായ ജരാര്‍ദ് പറഞ്ഞു. എന്നാല്‍ കുറുമാലിപുഴയിലെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വെള്ളം സംഭരിക്കുന്നതിനാണ് മാഞ്ഞാംകുഴി ഡാമിന്റെ ഷട്ടര്‍ താഴ്ത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഡാം തുറന്ന് വിട്ടാല്‍ പറപ്പൂക്കര,പുതുക്കാട് പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ ഇടയാവുമെന്നും ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി.രണ്ട് ദിവസം ഷട്ടര്‍ തുറന്ന് വെള്ളം ക്രമീകരിച്ചാല്‍ പാടത്തെ ജലനിരപ്പ് താഴ്ത്തി നെല്‍കൃഷിയെ രക്ഷപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ് പാടത്ത് പുഞ്ചകൃഷി നടത്തിയത്.
ഡാമിലെ ജലനിരപ്പ് രണ്ടടിയോളം കുറച്ചാല്‍ പാടത്തെ വെള്ളം വറ്റുകയും കതിരുകള്‍ സുഗമമായി കൊയ്‌തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it