Flash News

ഉഴവൂര്‍ വിജയന്റെ മരണം : എന്‍സിപി നേതാവിനെതിരേ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ശുപാര്‍ശ



തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി നേതാവിനെതിരേ കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഡിജിപിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഫോണില്‍ വിളിച്ച് സുല്‍ഫിക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തിയെന്നും രോഗം വഷളാവാന്‍ ഇടയാക്കിയെന്നും നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. സുല്‍ഫിക്കര്‍ മയൂരി ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പരാതിക്കാരനായ പായിച്ചിറ നവാസ് ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. അടി കൊടുക്കുമെന്നും കൊല്ലുമെന്നും വേണമെങ്കില്‍ രണ്ടോ മൂന്നോ കോടി രൂപ മുടക്കാന്‍ ബുദ്ധിമുട്ടില്ലെന്നുമൊക്കെയാണ് ശബ്ദരേഖയിലുള്ളത്. ഇത് ശാസ്ത്രീയമായി പരിശോധിച്ചശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടം ജില്ലാ കമ്മിറ്റിയും ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഉഴവൂര്‍ വിജയനെ വിളിക്കും മുമ്പ് എന്‍സിപി യുവജനവിഭാഗം മുന്‍ അധ്യക്ഷന്‍ മുജീബ് റഹ്മാനെയും സുല്‍ഫിക്കര്‍ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് സുല്‍ഫിക്കര്‍ ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് കുടുംബാംഗങ്ങളെക്കുറിച്ച് അശ്ലീലവും അപവാദവും പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദം ഉയര്‍ന്ന വിജയന്‍ വാഹനത്തില്‍ തളര്‍ന്നുവീണു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെവച്ച് മരണപ്പെടുകയായിരരുന്നു.
Next Story

RELATED STORIES

Share it