ഉള്‍ഫ നേതാവ് അനൂപ് ചെട്ടിയ ജയില്‍ മോചിതനായി

ഗുവാഹത്തി: ഉള്‍ഫ ജനറല്‍ സെക്രട്ടറി ഗൊലപ് ബറുവ എന്ന അനൂപ് ചെട്ടിയ ജയില്‍ മോചിതനായി. ഇയാള്‍ക്കെതിരായ നാല് കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ചെട്ടിയക്ക് ജാമ്യം അനുവദിച്ചത്. മൂന്ന് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
17 വര്‍ഷം ബംഗ്ലാദേശ് ജയിലിലായിരുന്ന ചെട്ടിയയെ കഴിഞ്ഞ മാസം 11നാണ് ഇന്ത്യയിലേക്കു കൊണ്ടുവന്നത്. സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ജയില്‍ മോചിതനായ ശേഷം ചെട്ടിയ പറഞ്ഞു. ആസ്സാമില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനു വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുമായും ഉള്‍ഫയുമായുമുള്ള ത്രികക്ഷി ചര്‍ച്ചകള്‍ക്ക് താന്‍ അനുകൂലമാണെ ന്നും മറിച്ചുളള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മുന്‍ സഹപ്രവര്‍ത്തകനും ഉള്‍ഫ നേതാവുമായ പരേഷ് ബറുവ സമാധാന ചര്‍ച്ചയുടെ ഭാഗമാവാത്തതില്‍ ഖേദമുണ്ട്. 36 വര്‍ഷത്തെ സായുധ പ്രക്ഷോഭം മൂലം ആസ്സാം ജനതക്കുണ്ടായ വിഷമത്തില്‍ താന്‍ മാപ്പ് ചോദിക്കുന്നു. പ്രക്ഷോഭം മൂലം പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇനിമുതല്‍ ആസ്സാം ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് ജയില്‍ അധികൃതര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വിദേശ രാജ്യത്താണെന്ന പ്രതീതിയില്ലാതെയാണ് ബംഗ്ലാദേശില്‍ കഴിഞ്ഞത്-അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it