ernakulam local

ഉള്‍നാടന്‍ ജല സ്രോതസ്സുകളില്‍ പോളപ്പായല്‍ ശല്ല്യം

നഹാസ് ആബിദ്ദീന്‍ നെട്ടൂര്‍

മരട്: ഉള്‍നാടന്‍ ജലസ്രോതസ്സുകളില്‍ പോളപ്പായല്‍ ശല്ല്യം രൂക്ഷമായതിനെ തുടര്‍ന്ന് മല്‍സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ജലഗതാഗതത്തിനും മല്‍സ്യബന്ധനത്തിനും പ്രതിസന്ധി സൃഷ്ടിക്കുകയും കൊതുക് അനിയന്ത്രിതമായി പെരുകാന്‍ കാരണമാവുകയും ചെയ്യുന്ന കുളവാഴ അഥവാ പോളപ്പായല്‍ നശിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ചെടിയുടെ ശിഖരങ്ങളില്‍ നിന്ന് തൈമുളച്ചും പോളപ്പായല്‍ ജലാശയങ്ങളില്‍ അതിവേഗം വ്യാപിക്കുന്നു.
ഒഴുകിപ്പോവാതെ പുഴയോരങ്ങളില്‍ തങ്ങുന്ന പോളപ്പായലും മണലും ചേരുമ്പോള്‍ ആ ഭാഗം കരയായി മാറുകയും പുഴയുടെ വീതി കുറയുകയും നീരൊഴുക്ക് കുറയുകയും ചെയ്യുന്നു. ഇതുമൂലം ജലാശയങ്ങളില്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുകയും മല്‍സ്യങ്ങള്‍ ചാവാനും കാരണമാവുന്നു. പായല്‍ കൂമ്പാരത്തിനിടയിലൂടെ വള്ളം തുഴയാന്‍ കഴിയാതെയും മല്‍സ്യബന്ധനം നടത്താന്‍ കഴിയാതെയും ആയിരക്കണക്കിന് മല്‍സ്യതൊഴിലാളികള്‍ പട്ടിണിയിലാവുകയും ചെയ്യുന്നു. മരട്, നെട്ടൂര്‍, കുമ്പളം,പനങ്ങാട്, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലത്താളിലേക്ക് പോളപ്പായല്‍ എത്തുന്നത് വേമ്പനാട് കായലില്‍ നിന്നാണ്.
ഇതിനെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്.
മല്‍സ്യതൊഴിലാളികളുടെ ചീനവലകളിലും ഊന്നിവലകളിലും മലപോലെയാണ് പോളപ്പായല്‍ വന്നടിയുന്നത്. കരയിലേക്കും വാരിക്കളഞ്ഞും രാസവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിച്ചും പോളപ്പായല്‍ തിന്ന് നശിപ്പിക്കുന്ന വീവില്‍ വണ്ടുകളെ ഉപയോഗിച്ചുമാണ് ചില രാജ്യങ്ങള്‍ പോളപ്പായലിന്റെ വര്‍ധന നിയന്ത്രിക്കുന്നത്. കേരളത്തിന് ഏറ്റവും പ്രായോഗികമായത് ജലാശയത്തിലേക്ക് തിരികെ വീഴാതെ പോളപ്പായല്‍ കരയിലേക്ക് വാരികളഞ്ഞ് ഉണക്കി കത്തിക്കുന്നതാണ്. മരട് നഗരസഭയില്‍ 2 തവണ 99 ലക്ഷം രൂപയോളം മുടക്കി പോളപ്പായല്‍ നശീകരണം ആദ്യമായി നടപ്പാക്കിയെങ്കിലും പൂര്‍ണമായും ജലാശയത്തില്‍ നിന്നും നീക്കം ചെയ്യുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.
Next Story

RELATED STORIES

Share it