kannur local

ഉളിയില്‍ ടൗണിലെ കെഎസ് ടിപി റോഡ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു



ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ വികസനത്തിനായി ഏറ്റെടുത്ത സ്ഥലം പൂര്‍ണമായും ഉപയോഗപ്പെടുത്താതെ പ്രവൃത്തി നടത്തിയതില്‍ പ്രതിഷേധിച്ച് ഉളിയില്‍ ടൗണില്‍ നാട്ടുകാര്‍ ടാറിങ് തടഞ്ഞു. ഉളിയില്‍ ടൗണ്‍ മുതല്‍ ഉളിയില്‍ പാലം വരെയുള്ള 400 മീറ്ററോളം വരുന്ന ഭാഗങ്ങളില്‍ റോഡിന് വീതികുറവാണെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. റോഡിനും നടപ്പാതയ്ക്കും ഒാവുചാലിനുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് പൊന്നുംവില നല്‍കി ഏറ്റെടുത്ത സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുനല്‍കുന്ന വിധത്തിലായിരുന്നു ഇവിടങ്ങളില്‍ പ്രവൃത്തി നടത്തിയത്. അളന്നുതിട്ടപ്പെടുത്തി സര്‍വേ കല്ല് പതിച്ച സ്ഥലത്തുനിന്ന് ഒന്നര മീറ്ററോളം വിട്ടാണ് നിര്‍മാണം. നേരത്തെ നടത്തിയ ഒാ വുചാലിന്റെ ഭാഗമായ പ്രവൃ ത്തി പൊളിച്ചുമാറ്റി പരമാവധി വീതിയില്‍ നിര്‍മാണം നടത്തിയാല്‍ മതിയെന്നു പറഞ്ഞാണ് നാട്ടുകാര്‍  പ്രവൃത്തി തടഞ്ഞത്. സ്വകാര്യവ്യക്തികളില്‍നിന്ന് ഏറ്റെടുത്ത ഭൂമി റോഡ് വികസനത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 2005 മുതല്‍ വിവിധ ഘട്ടങ്ങളിലായി ഏറ്റെടുത്ത് സര്‍വേകല്ല് സ്ഥാപിച്ചതാണെന്നും കൈയേറ്റം കണ്ടെത്തുമെന്നും എസ്എസ്ടിപി എന്‍ജിനീയര്‍ ഉറപ്പുനല്‍കി. കെഎസ്ടിപി എന്‍ജിനീയര്‍ വിദ്യ, കണ്‍സള്‍ട്ടന്റ് അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി റോഡിന് ഇരുവശവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍വേ നടത്താന്‍ തീരുമാനിച്ചു. തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാത 15 മീറ്ററോളം വീതിയിലാണ് നിര്‍മിക്കുന്നത്. ഇതില്‍ 10 മീറ്റര്‍ മെക്കാഡം ടാറിങും റോഡിന് ഇരുവശവും ഓവുചാല്‍ ഉള്‍പ്പെടെ രണ്ടര മീറ്റര്‍ വീതിയില്‍ നടപ്പാതയുമാണ് ഒരുക്കേണ്ടത്. എന്നാല്‍ ഏറ്റെടുത്ത ഭാഗം പൂര്‍ണമായും പ്രയോജനപ്പെടുത്താതെ ചില ഭാഗങ്ങളില്‍ വീതി കുറയ്ക്കുന്നതായാണ് പരാതി. ചില ഭാഗങ്ങളില്‍ 16 മീറ്റര്‍ ഉള്ളപ്പോള്‍ മറ്റിടങ്ങളില്‍ 14 മീറ്റര്‍ പോലുമില്ലെന്നാണ് ആക്ഷേപം. ഏറ്റെടുത്ത ഭാഗത്തെ സര്‍വേകല്ല് മാറ്റിസ്ഥാപിച്ചും മറ്റും കൈയേറിയ ഭാഗം ചിലര്‍ വരുതിയിലാക്കുന്നു. ഇതിന് കരാറുകാരുടെ ഒത്താശയുണ്ടെന്നാണ് ആരോപണം. 52 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തലശ്ശരി-വളവുപാറ റോഡ് രണ്ടു റീച്ചായാണ് നവീകരിക്കുന്നത്. തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള ഒന്നാം റീച്ചില്‍ മൂന്ന് പാലങ്ങളും കളറോഡ് മുതല്‍ വളവുപാറ വരെ നാലു പാലങ്ങളും പുതുതായി നിര്‍മിക്കണം. ഇതില്‍ കൂട്ടുപുഴ പാലം ഒഴികെ മറ്റുൗ പാലങ്ങളുടെ നിര്‍മാണം പകുതിയോളം പൂര്‍ത്തിയായി. റോഡുകളുടെ വീതികൂട്ടല്‍ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. നിലവിലുള്ള റോഡുകള്‍ മുഴുവന്‍ വെട്ടിപ്പൊളിച്ചതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് മേഖലയില്‍ അനുഭവപ്പെടുന്നത്.
Next Story

RELATED STORIES

Share it