kannur local

ഉളിയത്ത് കടവില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചു

പയ്യന്നൂര്‍: ചരിത്ര പ്രസിദ്ധമായ ഉളിയകത്തുകടവില്‍ നാലേക്കര്‍ സ്ഥലത്തെ കണ്ടല്‍ക്കാടുകള്‍ സ്വകാര്യ വ്യക്തി വെട്ടി നശിപ്പിച്ചു.
കവ്വായി കായലുകളില്‍പ്പെടുന്ന പ്രദേശത്തെ കണ്ടലുകളാണ് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റവന്യൂ ഭൂമി ഉള്‍പ്പെടെ കൈയേറി വെട്ടിനശിപ്പിച്ചത്. ഇതോടെ ഉളിയത്ത് കടവിലെ അവശേഷിച്ച കണ്ടല്‍വനവും അപ്രത്യക്ഷമായി. 20 വര്‍ഷം മുമ്പ് നടന്ന ഉപഗ്രഹ സര്‍വേയില്‍ 45 ഏക്കര്‍ കണ്ടല്‍ക്കാടുകള്‍ ഇവിടെ കണ്ടെത്തിയിരുന്നു.
അധികൃതര്‍ രാംസറില്‍ ഉള്‍പ്പെടുത്തിയ പ്രദേശം കൂടിയാണിത്. പയ്യന്നൂരിലെ ഏക കണ്ടല്‍ സാധ്യത പഠന ഗവേഷണ കേന്ദ്രം കൂടിയായിരുന്ന ഉളിയത്തുകടവില്‍ എന്നാല്‍ വ്യാപകമായ ഭൂമി കൈയേറ്റം കാരണം കണ്ടല്‍ വനം കൂട്ടമായി നശിപ്പിക്കപ്പെട്ടു. അത്യപൂര്‍വമായ നക്ഷത്ര കണ്ടലും, ചക്കര കണ്ടലും ഇവിടെ കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോള്‍ അവ കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
കണ്ടല്‍ക്കാടുകള്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ പദ്ധതി രൂപീകരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന സ്ഥലത്താണ് അവശേഷിക്കുന്ന കണ്ടല്‍ക്കാടുകളും വെട്ടി നശിപ്പിച്ച് മണ്ണിട്ട് നികത്തിയിരിക്കുന്നത്. സംഭവത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it