kannur local

ഉളിക്കലില്‍ സിപിഎം ഓഫിസിനു ബോംബേറ്

ഇരിട്ടി: ഉളിക്കലില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിനുനേരെ ബോംബേറ്. ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ന്നു. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ്സാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് ഇരിട്ടി താലൂക്ക് സഹകാര്യവാഹക് ഗിരീഷിനെ പരിക്കളത്തുവച്ച് ഒരുസംഘം ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓഫിസിനുനേരെയുണ്ടായ ആക്രമണമെന്ന് കരുതുന്നു. അതേസമയം, ആശുപത്രിയില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് നേതാവിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഉളിക്കല്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
കസ്റ്റഡിയിലെടുത്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതോടെ ഉപരോധം പിന്‍വലിച്ചു. പിന്നീട് സിപിഎം ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഉളിക്കല്‍ ടൗണില്‍ സായുധ പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കടയില്‍ കരിഓയില്‍ പ്രയോഗം

പയ്യാവൂര്‍: ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ കരി ഓയില്‍ ഒഴിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദറിന്റെ കടയുടെ ഷട്ടറുകളിലും ഭിത്തിയിലുമാണ് കരി ഓയില്‍ പ്രയോഗം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആഹ്ലാദപ്രകടനത്തിനു ശേഷം രാത്രി ഖാദറിന്റെ വീടിനു മുന്നില്‍വച്ച് ചിലര്‍ ചീത്ത വിളിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കരിഓയില്‍ ഒഴിച്ചത്. സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധിച്ചു.
കടയ്ക്കുനേരെ ബോംബേറ്

കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂരിലെ മാങ്കി ദാമോദരന്റെ അനാദിക്കടയ്ക്കും ചായക്കടയ്ക്കും നേരെ ബോംബേറ്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഓടും ഞാലിയും തകര്‍ന്നു. കൂത്തുപറമ്പ് പോലിസ് അന്വേഷണം ആരംഭിച്ചു.

വീടിന് മുന്നില്‍ ബോംബേറ്

തലശ്ശേരി: തിരഞ്ഞെടുപ്പില്‍ മ ല്‍സരിച്ചു പരാജയപ്പെട്ട ബിജെപി നേതാവിന്റെ വീടിന് മുന്‍വശത്തെ റോഡില്‍ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു.
ബിജെപി എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ പ്രേമന്റെ 'ശിവദം' വീടിന് മുന്നിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ കഴിഞ്ഞ ദിവസം രാത്രി ബോംബെറിയുകയായിരുന്നു. ധര്‍മടം പോലിസില്‍ പരാതി നല്‍കി.

വീടിനുനേരെ പടക്കമേറ്

ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി. ഹുസയ്ന്‍ ഹാജിയുടെ വീടിനു നേരെ പടക്കമേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
ഇരിക്കൂര്‍ പോലിസില്‍ പരാതി നല്‍കി. ഐഎന്‍എല്‍ പഞ്ചായത്ത് പ്രസിഡ ന്റും കഴിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു ഹുസയ്ന്‍ ഹാജി. ഈ തിരഞ്ഞെടുപ്പില്‍ നിലാമുറ്റം വാര്‍ഡില്‍നിന്ന് പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it